കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണില്‍ കലാശക്കൊട്ടിനു മുമ്പുതന്നെ കാലിക്കട്ട് ഗ്ലാബോസ്റ്റാഴ്സിന്റെ 26കാരനായ അഖില്‍ സ്കറിയ ഒരു കാര്യം ഉറപ്പിച്ചു; തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. കഴിഞ്ഞ സീസണില്‍ ഫൈനലിലും ഇത്തവണ സെമിയിലും കാലിക്കട്ടിനു തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും രണ്ടു പ്രാവശ്യവും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം അഖില്‍ സ്കറിയയ്ക്കു സ്വന്തം.
ഇരു സീസണിലും അഖില്‍ വീഴ്ത്തിയത് 25 വിക്കറ്റാണെന്നതും ശ്രദ്ധേയം. 2025 കെസിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ (ഫൈനലിനു മുമ്പുവരെയുള്ള കണക്ക്) രണ്ടാം സ്ഥാനത്ത് ഏരീസ് കൊല്ലം സെയ് ലേഴ്സിന്റെ എ.ജി. അമല്‍ ആണ്; 11 മത്സരങ്ങളില്‍ 16 വിക്കറ്റ്. ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമേ അമലിന് അഖിലിന്റെ ഒപ്പം എത്താന്‍ സാധിക്കൂ; സാധ്യമല്ലെന്ന് ഏകദേശം ഉറപ്പുള്ള കാര്യം.
2024ല്‍ നടന്ന പ്രഥമ കെസിഎല്ലില്‍ 12 മത്സരങ്ങളില്‍നിന്നായിരുന്നു അഖിലിന്റെ 25 വിക്കറ്റ് നേട്ടം. ഇത്തവണ 11 മത്സരങ്ങളില്‍ 25 വിക്കറ്റ് നേട്ടവുമായി അഖില്‍ കാര്യവട്ടത്തുനിന്നു സ്വന്തം നാട്ടിലേക്ക് ഇന്നലെ രാത്രി മടങ്ങി. 2024 സീസണിലെ മികച്ച പ്രകടനത്തിലൂടെ ഏജീസില്‍ ജോലി ലഭിച്ചതാണ് അഖിലിനു ജീവിതത്തില്‍ ഏറ്റവും വലിയ ആശ്വസം. സ്വന്തമായൊരു വീടെന്ന സ്വപ്നവുമായാണ് ഓരോ തവണയും ബാറ്റും ബോളും കൈയിലെടുക്കുന്നത്. അമ്മ ശ്രീലത കാഞ്ഞിരമറ്റത്ത് പപ്പടക്കമ്പനിയിലാണ്. അമ്മയെ പൊന്നുപോലെ നോക്കുകയെന്നതാണ് ഈ ഏകമകന്റെ ലക്ഷ്യം…
ഐപിഎല്‍ സാധ്യത
പ്രഥമ കെസിഎല്ലില്‍ 12 മത്സരങ്ങളില്‍ 7.5 ഇക്കോണമിയിലാണ് അഖില്‍ സ്കറിയ 25 വിക്കറ്റ് വീഴ്ത്തിയത്. 4/18 ആയിരുന്നു മികച്ച ബൗളിംഗ്. എന്നാല്‍, ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ടീമുകളൊന്നും അഖിലിനെ സ്വന്തമാക്കാന്‍ ശ്രമിച്ചില്ല. ഈ തഴയല്‍ തനിക്ക് വിഷമമുണ്ടാക്കിയില്ലെന്നാണ് അഖിലിന്റെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്.
തന്റെ പ്രകടനം ഐപിഎല്‍ ക്വാളിറ്റിയില്‍ എത്തിയില്ലെന്നും ആ ക്വാളിറ്റിയിലേക്കെത്തിക്കാനുള്ള തീവ്രശ്രമമാണ് നടത്തുന്നതെന്നും 2025 സീസണിനു മുമ്പുതന്നെ അഖില്‍ വ്യക്തമാക്കി. കെസിഎല്ലിലെ പ്രകടനത്തിലൂടെ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ സാധിച്ചതുതന്നെ വലിയ കാര്യമാണെന്നും അഖില്‍ സ്കറിയ മനസ് തുറന്നു. 2024 കെസിഎല്‍ സീസണിനേക്കാള്‍ മികച്ച പ്രകടനമാണ് ഇത്തവണ അഖില്‍ സ്കറിയ നടത്തിയത്. അതുകൊണ്ടുതന്നെ 2026 ഐപിഎല്ലില്‍ അഖില്‍ സ്കറിയയ്ക്ക് അവസരം ലഭിക്കട്ടെയെന്ന ആശംസയിലാണ് കേരള ക്രിക്കറ്റ് പ്രേമികള്‍.
പേസ് ഓള് റൗണ്ടര്‍
ഐപിഎല്ലില്‍ അഖില്‍ സ്കറിയ കളിക്കണമെന്നു പറയാനുള്ള കാരണം ഒന്നു മാത്രം; വെടിക്കെട്ട് ബാറ്റിംഗും വിക്കറ്റ് വീഴ്ത്തുന്ന പേസ് ആക്രമണവും. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഷാര്‍ദുള്‍ ഠാക്കൂര്‍ അടക്കമുള്ളവരുടെ ഗണത്തിലേക്ക് എത്താനുള്ള യോഗ്യത എന്തുകൊണ്ടും അഖില്‍ സ്കറിയയ്ക്കുണ്ട്.
അത് അടിവരയിടുന്ന ഇന്നിംഗ്സ് ആയിരുന്നു കെസിഎല്‍ സെമി ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരേ അഖില്‍ കാഴ്ചവച്ചത്. സെമിയില്‍ കൊച്ചിയോട് 15 റണ്‍സിനു കാലിക്കട്ട് പരാജയപ്പെട്ടെങ്കിലും 37 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും അടക്കം അഖില്‍ സ്കറിയ 72 റണ്‍സുമായി പുറത്താകാതെ നിന്നു.
25 വിക്കറ്റിനൊപ്പം 11 ഇന്നിംഗ്സിലായി 314 റണ്‍സും അഖില്‍ സ്കറിയ 2025 കെസിഎല്ലില്‍ സ്വന്തമാക്കി. രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെയാണിത്. ഐപിഎല്ലില്‍ വമ്പന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള ടീമുകള്‍ പേസ് ഓള്‍റൗണ്ടര്‍ എന്ന ഉത്തരത്തിനായി അഖില്‍ സ്കറിയയെ സമീപിച്ചാല്‍ അദ്ഭുതപ്പെടേണ്ട… അതിനായുള്ള കാത്തിരിപ്പിലാണ് അഖിലും അമ്മയും കൂട്ടുകാരും…
അനീഷ് ആലക്കോട്