ആലപ്പുഴ: പ്രാചീന കലാരുപമായ ചവിട്ടുനാടകത്തിന്റെ ഫല പ്രഖ്യാപനം കലോത്സവവേദിയെ അലങ്കോലമാക്കി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളുമാണ് ജഡ്ജിമാർ പക്ഷപാതപരമായി ഫലപ്രഖ്യാപനം നടത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നത്. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്.
വിധി ഉണ്ടായപ്പോൾ തന്നെ മറ്റ് രണ്ടു സ്കൂളുകളുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞു. ഇതോടെ ശക്തമായ വാക്കേറ്റവും ഉന്തുംതള്ളുമായി. പോലീസും ഭാരവാഹികളം ഏറെ ശ്രമപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ജഡ്ജിമാരുടെ സുരക്ഷ മുൻ നിർത്തി പോലീസ് സംരക്ഷണയിൽ അവരെ വേദിയിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
ലിയോ തേർട്ടീന്ത് ഹൈസ്കൂളിലെ വേദി രണ്ടിലായിരുന്നു മത്സംരം. 20 മിനിറ്റ് വീതമാണ് മത്സരത്തിന് അനുവദിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയുടെ വീരചരിതമാണ് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സകൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചത്. കഴിഞ്ഞവർഷവും ചവിട്ടുനാടകത്തിൽ ഇവർക്കായിരുന്നു ഒന്നാം സ്ഥാനം. നാലുമാസത്തെ വിദഗ്ധ പരിശീലനത്തിനുശേഷം കലോത്സവ വേദിയിലെത്തിയ ഈ ടീം ഒന്നാം സ്ഥാനം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു.
സ്നാപകയോഹന്നാന്റെ ചരിത്രമാണ് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ചത്. വില്യംഷേക്സ്പിയറുടെ പ്രസിദ്ധമായ ജൂലിയസ് സീസർ നാടകമാണ് മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ ടീം അവതരിപ്പിച്ചത്.

