ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ. പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎഫ്) കരസേന മേധാവിയായാണ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചത്.
സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശിപാർശ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. കര, നാവിക, വ്യോമസേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീർ. അഞ്ച് വർഷത്തേക്കാണ് നിയമനം.
എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബറിന് രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകാനുള്ള ശിപാർശയും ആസിഫ് അലി സർദാരി അംഗീകരിച്ചു. സേനകളുടെ ഏകോപന ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്മാന് (സിജെസിഎസ്സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്.
നവംബറിൽ ചേർന്ന പാർലമെന്റ് യോഗം ഭരണഘടനയുടെ 27 ാം വകുപ്പ് ഭേദഗതി ചെയ്താണ് സിഡിഎഫ് പദവി സൃഷ്ടിച്ചത്. ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി മാസങ്ങൾക്കുള്ളിലാണ് അസിം മുനീറിന് ഈ പുതിയ നിയമനം.

