അതിരന്പുഴ: തൃശൂർ പൂരം വെടിക്കെട്ടിന്റെ തൊട്ടടുത്ത സ്ഥാനമുണ്ടായിരുന്ന വെടിക്കെട്ടാ. പറഞ്ഞിട്ടെന്താ കാര്യം… ഇപ്പോൾ അതിരന്പുഴക്കാരുടെ വികാരമിതാണ്. നിയമം കർക്കശമാക്കിയതോടെ വെടിക്കെട്ടിന്റെ പ്രതാപം പോയി. നിയമമല്ലേ ഒന്നും ചെയ്യാനില്ലല്ലോ. അതിരന്പുഴക്കാർ വെടിക്കെട്ട് നടത്താൻ വേണ്ടി എന്തും ചെയ്തേനെ.
രാത്രി 10 മുതൽ പിറ്റേന്നു പുലരും വരെ കൃത്യമായ ഇടവേളകളിട്ട് നാലു സെറ്റുകളായി നടന്നിരുന്ന വെടിക്കെട്ട് സിരകളിൽ തീപിടിപ്പിക്കുമായിരുന്നു. തലമുറകളായി കണ്ടുകണ്ടു വരുന്നതു കൊണ്ടാകാം അതിരന്പുഴയിലെ കൊച്ചു കുഞ്ഞുങ്ങൾക്കു വരെ വെടിക്കെട്ട് ഭ്രാന്ത് പിടിച്ചത്.
തൃശൂർ പൂരം വെടിക്കെട്ടിനു തൊട്ടടുത്ത സ്ഥാനം കൽപ്പിക്കപ്പെട്ട അതിരന്പുഴ വെടിക്കെട്ടിന്റെ പെരുമ ലോകമെങ്ങും വ്യാപിച്ചിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം അതിരന്പുഴ വെടിക്കെട്ടും ചർച്ചയായിരുന്നു. ഏതോ സിനിമയിൽ അതിരന്പുഴ വെടിക്കെട്ടിന്റെ അന്നുണ്ടായതാ ഞാൻ എന്ന ഡയലോഗ് കേട്ടപ്പോൾ സിനിമാകൊട്ടകയിൽ ചാടിയെണീറ്റ് കൈയടിച്ചവരാ അതിരന്പുഴക്കാർ.
കേരളത്തിലെ ഏറ്റവും മികച്ച കന്പക്കെട്ടുകാർ തങ്ങളുടെ ആവനാഴിയിലെ പുതുപുത്തൻ ആയുധങ്ങളല്ലേ ഓരോ കൊല്ലവും ആകാശത്തേക്കു വർഷിച്ചു കൊണ്ടിരുന്നത്. ഡൈനാമിറ്റിന്റെ ഉഗ്രസ്ഫോടനത്തോടെ ആരംഭിക്കുന്ന വെടിക്കെട്ടിന്റെ പ്രധാന ആകർഷണമായിരുന്നു നിലയമിട്ടുകൾ. 12 നിലകൾ വരെ പൊട്ടിയിരുന്ന നിലയമിട്ടുകൾ കാഴ്ചക്കാരെ പെരുവിരലിൽ നിർത്തുമായിരുന്നു. മത്സര വെടിക്കെട്ടിൽ ഓരോ സെറ്റുകാരും ഓരോ വർഷവും തങ്ങളുടേതു മാത്രമായ എന്തെങ്കിലുമൊരു പുതുമ പരീക്ഷിക്കുമായിരുന്നു. ഈ വ്യത്യസ്തതയായിരുന്നു വെടിക്കെട്ടിനെ ആകർഷകമാക്കിയിരുന്നത്.
വെടിക്കെട്ട് കാണാൻ വിദൂരസ്ഥലങ്ങളിൽനിന്നു വരെ ആളുകൾ അതിരന്പുഴയിലേക്ക് ഒഴുകിയെത്തിയിരുന്നു. വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് ഭക്ഷണപ്പൊതികളും കൈയിൽ കരുതി തലേന്നു തന്നെ ഒരൊറ്റ നടപ്പ് – അതിരന്പുഴയിലേക്ക്. വിശാലമായ പള്ളി മൈതാനത്ത് ഇടം പിടിക്കും. ഇരിപ്പും കിടപ്പുമെല്ലാം പിന്നെ അവിടെയാണ്.
നടപ്പിന്റെ ക്ഷീണമൊന്നും വിഷയമാകില്ല. ആദ്യ ഡൈനാമിറ്റിന് തീ കൊടുക്കുന്പോൾ ചാടിയെണീറ്റാൽ മണിക്കൂറുകൾക്കു ശേഷം “ലാത്തിരി’ കത്താതെ ഇരിക്കുന്ന പ്രശ്നമില്ല. വെടിക്കെട്ടു തീർന്നാൽ തിരികെ നടത്തം – അടുത്ത വർഷം ഇതേദിവസം വീണ്ടും വരാൻ വേണ്ടി. അതൊരു കാലം.
ഇപ്പോൾ നിയമം പാലിച്ച് ഒന്പതു മുതൽ 10 വരെ ഒരൊറ്റ സെറ്റായി നടത്തുന്ന വെടിക്കെട്ട് സാഹചര്യത്തിനനുസരിച്ചു പരമാവധി ഗംഭീരമാക്കാൻ ശ്രമിക്കുന്നുണ്ട്. പഴയ വെടിക്കെട്ടിന്റെ പ്രതാപമൊന്നും ഇല്ലെങ്കിലും കാണാൻ ആളുകൾ ഒഴുകിയെത്തും. അതിരന്പുഴ വെടിക്കെട്ടല്ലേ, കാണാതിരിക്കുന്നതെങ്ങനെയാ?.