സ്നേഹത്തിന്റെ, ബന്ധങ്ങളുടെ, സൗഹൃദത്തിന്റെ ഊഷ്മളമായ ഒരു കഥയുമായി എത്തുകയാണ് ‘അയ്യപ്പനും വാപുരനും’ എന്ന ചിത്രം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ, കെ.ജി. വിജയകുമാർ കെജിവി സിനിമാസിനു വേണ്ടി നിർമാണവും വിധാനവും നിർവഹിക്കുന്ന ഈ ചിത്രം റോഷിക എന്റർപ്രൈസസ് 21ന് തയറ്ററിൽ എത്തിക്കും.
ഇതൊരു ഭക്തിപടമല്ലെന്നും, എന്നാൽ, ഭക്തിയുടെയും വിശ്വാസത്തിന്റെയും ശക്തി കാണിച്ചുതരുന്ന സിനിമയാണെന്നും സംവിധായകൻ പറയുന്നു. ഉന്നതകുലജാതരെന്ന് മുദ്രകുത്തപ്പെട്ടവർ അനുഭവിക്കുന്ന വേദനയുടെ കഥയാണ് ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്.
ഇന്ന് കാണുന്ന വലിയ കൊട്ടാരങ്ങൾക്കുള്ളിൽ, ചിതലരിച്ച ചുമരുകളും, ഇളകി വീഴാറായ മേൽക്കൂരകളുമുള്ള, ഇരുള് വീണ മാറാലക്കുള്ളിൽ, പുരാവസ്തുക്കളെപ്പോലെ ജീവിക്കുന്ന സ്ത്രീജന്മങ്ങളുടെ നെടുവീർപ്പുകളുടെ കഥ കൂടി ഈ ചിത്രം പറയുന്നു.
കൊട്ടാരങ്ങളിലെ തമ്പുരാക്കന്മാരുടെ അധികാരം മാത്രമല്ല നഷ്ടപ്പെട്ടത്. പണവും പ്രതാപവും അവർക്ക് നഷ്ടമായി. എന്നിട്ടും അവർ ആരോടും പരാതി പറഞ്ഞില്ല. പ്രതികരിച്ചില്ല. രാജാധികാരം, ജനാധിപത്യത്തിന് കൈമാറിയപ്പോൾ, ഒരു വലിയ ഭാവിയാണ് ഇവർ സ്വപ്നം കണ്ടത്. എന്നാൽ, കൊടിയ ദാരിദ്ര്യവും, അവഗണനയും ആണ് അവർക്ക് ലഭിച്ചത്.
തങ്ങൾക്ക് നേരേ വിരൽ ചൂണ്ടിയ അധികാര വർഗങ്ങൾക്കെതിരെ, നിശബ്ദരായി, സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ച് അവർ ജീവിച്ചു. ഇവരുടെ ജീവിത പ്രതിസന്ധികളുടെ കഥ പറയുന്നതോടൊപ്പം, തങ്ങൾ വിശ്വസിച്ച ദൈവം, എല്ലാ പ്രതിസന്ധികളെയും, തരണം ചെയ്യാൻ ഇവർക്ക് കരുത്ത് നൽകുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. തികച്ചും വ്യത്യസ്തമായൊരു കഥ പറയുകയാണ് ഈ ചിത്രം.
കാമറ-സന്തോഷ് മെകഴു, എഡിറ്റർ-കൃഷ്ണജിത്ത്, വിപിൻ, ഗാനങ്ങൾ-പ്രഭ വർമ, ശശികല മേനോൻ, സംഗീതം-സൈലേഷ് നാരായണൻ, ജോൺസൻ പീറ്റർ, ആലാപനം-വൈക്കം വിജയലക്ഷ്മി, സിയ ഉൾഹക്ക്, രാധിക അശോക്, ജയലക്ഷ്മി, ആർട്ട്-റഫീക് തിരൂർ, മേക്കപ്പ്-ഹക്കിം വയനാട്, കോസ്റ്റും-കാമലു, പ്രൊഡക്ഷൻ കൺട്രോളർ-സുധീർ കൂട്ടായി, സ്റ്റിൽ-ജോർജ് കോലൻ, വിതരണം-റോഷിക എന്റർപ്രൈസസ്, പിആർഒ-അയ്മനം സാജൻ.
കൃഷ്ണകുമാർ, ശിവജി ഗുരുവായൂർ, ജഫ്റി, സൂര്യ, പ്രിയങ്ക , ഗീതാവിജയൻ, നീനാ കുറുപ്പ്, കൽപ്പന, ഹരിദാസ് വർക്കല, സിദ്ധരാജ്, രാജലക്ഷ്മി, സുരേഷ് ഭട്ടതിരിപ്പാട്, വർഗീസ് മൊയലൻ എന്നിവർ അഭിനയിക്കുന്നു. പിആർഒ- അയ്മനം സാജൻ

