തൃശൂർ: ‘അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ്’ എന്ന സങ്കീർത്തനവചസുകൾ റോസിടീച്ചറുടെ ജീവിതത്തിന്റെ സായംവേളയെ അക്ഷരാർഥത്തിൽ പ്രകാശമാനവും പ്രവർത്തനനിരതവുമാക്കുകയാണ്. ഒപ്പം അനേകായിരങ്ങൾക്ക് പ്രചോദനവും. 83-ാം വയസിൽ ഈ റിട്ടയേഡ് ഹിന്ദി ടീച്ചർ എഴുതി പൂർത്തിയാക്കിയത് അഞ്ചു ഭാഷയിലുള്ള ബൈബിളുകളാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സന്പൂർണ ബൈബിളും ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ പുതിയനിയമവും. ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതിയ ബൈബിളുകൾ കഴിഞ്ഞ മൂന്നിനു വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ പ്രകാശനം ചെയ്തത് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലാണ്.
കോവിഡുകാലത്ത് തുടക്കം
കോവിഡുകാലത്തുണ്ടായ ഒരു പ്രചോദനമാണ് പറോക്കാരൻ ചാക്കുണ്ണിയുടെ ഭാര്യ റോസിക്കു ബൈബിൾ പകർത്തിയെഴുതാൻ നിമിത്തമായത്. ഇതേക്കുറിച്ച് റോസി ടീച്ചർ- “മകൻ ബിജു കുടുംബസമേതം ദുബായിലാണ്. അവന്റെ ഇളയമകൻ അലന്റെ പ്രഥമദിവ്യ കാരുണ്യ സ്വീകരണസമയം. കുർബാന സ്വീകരണത്തിനുമുന്പായി 250 ദൈവവചനം എഴുതിക്കൊണ്ടുവരാൻ അവിടത്തെ വികാരിയച്ചൻ കുട്ടികളോടു പറഞ്ഞു. പലരും എഴുതിത്തുടങ്ങിയെങ്കിലും ലക്ഷ്യം തികച്ചില്ല.
കൊച്ചുമോൻ അലൻ 250 തിരുവചനങ്ങൾ എഴുതിപൂർത്തിയാക്കി. വലിയ സന്തോഷത്തോടെയാണ് അവനത് അപ്പൂപ്പനോടും എന്നോടും വിളിച്ചുപറഞ്ഞത്. അതുകളയരുത് ട്ടോ എന്നുപറഞ്ഞ എന്നോട് അവൻ പറഞ്ഞതു ജീവിതാവസാനംവരെ സൂക്ഷിച്ചുവയ്ക്കും എന്നാണ്. അതെന്നെ ചിന്തിപ്പിച്ചു. ഒരു കുഞ്ഞിന് ഇത്രയും ചെയ്യാമെങ്കിൽ എനിക്ക് എന്തുകൊണ്ട് എഴുതിക്കൂടായെന്ന ചിന്തയാണ് ബൈബിൾ എഴുതാൻ പ്രേരിപ്പിച്ചത്. കോവിഡുകാലത്തുതന്നെ മലയാളം, ഇംഗ്ലീഷ് സന്പൂർണ ബൈബിൾ പൂർത്തിയാക്കി. പിന്നെ ദുബായിൽ മകന്റെ അരികിലേക്കുപോയപ്പോൾ അഞ്ചുമാസംകൊണ്ട് ഹിന്ദിയും.
ഇറ്റാലിയൻ, ഫ്രഞ്ച്
ഇളയ മകൻ അച്ചനായതിനാൽ (ഫാ. ബിനു പറോക്കാരൻ, റെക്ടർ, തിരുവില്വാമല ഗുരുകുലം സെമിനാരി) തൃശൂർ അതിരൂപതയിലെ കുറേ വൈദികർ വീട്ടിൽ വരാറുണ്ട്. അവർ എന്റെ ഈ ഉദ്യമത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ദിവസവും അതിരാവിലെ നാലിന് എഴുന്നേൽക്കും. ആറുമണിക്കു പള്ളിയിൽ പോകുംവരെ എഴുതും. പിന്നെ ഒഴിവുസമയങ്ങളിലെല്ലാം.
രാത്രി പ്രാർഥനയും ഭക്ഷണവും കഴിഞ്ഞാൽ പതിനൊന്നുവരെ എഴുതും. എന്നിട്ടേ കിടക്കൂ. ഒരു ദിവസം മിനിമം അഞ്ചുമണിക്കൂറെങ്കിലും എഴുതും. എഴുതിത്തുടങ്ങിയാൽ പിന്നെ കസേരയിൽനിന്ന് എഴുന്നേൽക്കാൻ തോന്നില്ല. വല്ലാത്തൊരു ഉന്മേഷമാണ്. അറിയാവുന്ന മൂന്നുഭാഷകളിലും ബൈബിൾ പൂർത്തിയായ സമയത്താണു ഡൊമിനിക് തലക്കോടനച്ചൻ ഒരു ഇറ്റാലിയൻ ബൈബിൾ തന്നത്. അങ്ങനെ അതു തുടങ്ങി. ഫ്രഞ്ച് ബൈബിൾ തന്നതു ഫാ. റാഫേൽ ആക്കാമറ്റത്തിൽ.
പിന്നെ അതും എഴുതി. ഇനി മൈനർ സെമിനാരി റെക്ടർ ഫാ. ലിൻസൻ തട്ടിൽ ജർമൻ ബൈബിൾ തരാമെന്നു പറഞ്ഞിട്ടുണ്ട്. അതാണ് അടുത്ത മിഷൻ’’ – ടീച്ചർ പറഞ്ഞുനിർത്തി. മണ്ണംപേട്ട മാത ഹൈസ്കൂളിൽനിന്നു ഹിന്ദി അധ്യാപികയായി വിരമിച്ച റോസി ടീച്ചറുടെ ബൈബിൾ പകർത്തിയെഴുത്തിൽ ആകൃഷ്ടനായി 86 കാരനായ ഭർത്താവ് ചാക്കുണ്ണിച്ചേട്ടനും ഇംഗ്ലീഷ് ബൈബിൾ പകർത്തിയെഴുതാൻ തുടങ്ങി. ഇപ്പോൾ അപ്പസ്തോലപ്രവർത്തനം വരെയായി. മൂത്തമകൾ ബിജിയും (റിട്ട. അധ്യാപിക, സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തൃശൂർ) ഇളയ മകൻ ഫാ. ബിനുവും അമ്മയുടെ ഉദ്യമത്തിനു പിന്തുണയേകുന്നുണ്ടെങ്കിലും മകന് ബിജുവാണ് ഏറ്റവും വലിയ പ്രോത്സാഹനമെന്ന് റോസി ടീച്ചർ പറയുന്നു.
സെബി മാളിയേക്കൽ