മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഉറുഗ്വേൻ താരം അഡ്രിയൻ ലൂണ. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണിപ്പോൾ ലൂണ. സൂപ്പർ കപ്പിൽ മുംബൈയ്ക്കെതിരേ ലൂണയുടെ എണ്‍പത്തിയേഴാം മത്സരമായിരുന്നു.
97 മത്സരങ്ങളിൽ കളിച്ച സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയ താരം. 89 മത്സരങ്ങളിൽ കളിച്ച കെ.പി. രാഹുലാണ് രണ്ടാം സ്ഥാനത്ത്. 86 മത്സരങ്ങൾ കളിച്ച ജീക്സണ് സിംഗും 81 മത്സരങ്ങൾ കളിച്ച സന്ദീപ് സിംഗുമാണ് ലൂണയ്ക്ക് താഴെയുള്ളത്.
അതേസമയം, തങ്ങളുടെ ആദ്യ കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയോട് തോറ്റു.
എണ്‍പത്തിയെട്ടാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഏക ഗോളാണിത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാമായിരുന്നു.

