നെടുങ്കണ്ടം: വെള്ളിമൂങ്ങ സിനിമയിലെ മാമച്ചന്റെ പേരിൽ അറിയപ്പെടുന്ന ഒരു സ്ഥാനാർഥി കരുണാപുരത്തുണ്ട്. കരുണാപുരം പഞ്ചായത്തിലെ ഏഴാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി ജെയ്മോൻ നെടുവേലിയുടെ അപരനാമമാണ് സി.പി. മാമച്ചൻ. വെള്ളിമൂങ്ങ സിനിമ പുറത്തിറങ്ങിയപ്പോൾ മുതലാണ് ജെയ്മോനു മാമച്ചനെന്ന പേര് വീണത്.
ജെയ്മോനു മാമച്ചനെന്ന പേരു ലഭിച്ചതിനു പിന്നിൽ ആ സിനിമാകഥയുണ്ട്. വെള്ളിമൂങ്ങ സിനിമയിറങ്ങിയ സമയം നാട്ടിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങ്. മരിച്ചത് പ്രദേശത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. പാർട്ടിക്കാരെല്ലാം റീത്തുമായി വന്നു, ഇതിനിടെ ജയ്മോനും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിലെത്തി.
ജയ്മോൻ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ നേതാവും റീത്തുമായെത്തിയിരുന്നു. ഇതിനിടെ നേതാവിനു ഒരു ഫോൺ കോൾ വന്നു. നേതാവ് റീത്ത് ജയ്മോന്റെ കൈയിൽ നൽകി ഫോൺ സംഭാഷണം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ജയ്മോൻ റീത്ത് മൃതദേഹത്തിൽ വച്ചിരുന്നു. അന്നു മുതലാണ് ജയ്മോൻ നാട്ടുകാരുടെ മാമച്ചനായി മാറിയത്.
കുട്ടികളും മുതിർന്നവരും എല്ലാം ജയ്മോൻ എന്ന പേര് മാറ്റി മാമച്ചൻ എന്ന് വിളിക്കാൻ തുടങ്ങി. ഇതിൽ ഇദ്ദേഹത്തിന് സന്തോഷം തന്നെയാണ്. അന്ന് റീത്തുമായി എത്തിയ നേതാവാണ് ഇന്ന് സിപിഐയുടെ സ്ഥാനാർഥിയായി മാമ്മച്ചന് എതിരേ മത്സരിക്കുന്നത് എന്നതും കൗതുകമായിരിക്കുകയാണ്.
എന്നും രാവിലെ വെള്ള ഡ്രസും അണിഞ്ഞ് പൊതുപ്രവർത്തനത്തിന് ഇറങ്ങുന്ന ജയ്മോന് മത്സരരംഗത്ത് ഇത് രണ്ടാമൂഴമാണ്. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, ചോദിച്ചാൽ സിനിമ ഡയലോഗ് തന്നെയാണ് മറുപടി. താത്പര്യമില്ലാഞ്ഞിട്ടല്ല പറ്റിയ ഒരെണ്ണത്തിനെ കിട്ടാഞ്ഞിട്ടാ. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി തോമസ് കാരയ്ക്കനാണ്. ബിജെപി സ്ഥാനാർഥി പി.ഒ. രജനിയും.

