മരട്: ചതുപ്പിൽ കഴുത്തറ്റം മുങ്ങിത്താണ വണ്ണാംകൂട്ടുങ്കൽ തിട്ട കമലാക്ഷി (76) മരണവുമായി മല്ലിട്ടത് മൂന്നേമുക്കാൽ മണിക്കൂറോളം. ഒടുവിൽ അഗ്നിരക്ഷാ സേന എത്തി കമലാക്ഷിയെ ജീവിതത്തിലേക്ക് കരകയറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരട് നഗരസഭ വാർഡ് 21 ലെ സെന്റ് ആന്റണീസ് റോഡിനടുത്തുള്ള ചതുപ്പിൽ കൂടി വീട്ടിലേക്ക് നടന്നു പോകാൻ ശ്രമിച്ച കമലാക്ഷി ചതുപ്പിലേക്ക് കാൽ വഴുതി വീണ് കഴുത്തിന് താഴെ വരെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു.
വൈകുന്നേരം 3.45 ഓടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സീന അവരുടെ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രമെടുക്കാൻ കയറിയപ്പോൾ ചതുപ്പിൽ കിടന്ന് സ്ത്രീയുടെ കൈ അനങ്ങുന്നത് കണ്ട് ബഹളം വച്ചപ്പോൾ നാട്ടുകാർ ഓടിക്കൂടുകയും അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയുമായിരുന്നു.
പൈലിംഗ് വേസ്റ്റ് അടിച്ച കുഴിയിൽ കഴുത്തറ്റം ചെളിയിൽ മുങ്ങിയ സ്ത്രീയെ ഉടൻതന്നെ റോപ്പ്, സ്ട്രക്ചർ, ലാഡർ എന്നിവ ഉപയോഗിച്ച് കരയ്ക്ക് കയറ്റി തൊട്ടടുത്ത വീട്ടിൽ നിന്നും വെള്ളമെടുത്ത് കമലാക്ഷിയുടെ ദേഹത്തെ ചെളി മുഴുവൻ നീക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനത്തിൽ മരട് പിഎസ് മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഇൻ ചാർജ് പി.കെ.സന്തോഷ്,അസി. സ്റ്റേഷൻ ഓഫീസർ ടി. വിനുരാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനോയ് ചന്ദ്രൻ, എം.സി. സിൻമോൻ, പി.ഐ. അരുൺ ഐസക്, സി.വി. വിപിൻ, എസ്. ശ്രീനാഥ്, ഹോംഗാർഡ് എം. രജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.