നേമം : രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഗജേന്ദ്രന് ചേന കൃഷിചെയ്ത് വിജയകരമായി വിളവെടുത്തിരിക്കുകയാണ് കര്‍ഷകനായ ആര്.ബാലചന്ദ്രനായര്.
ആന്ധ്രയില്‍ നിന്നാണ് ഈ വിത്തിനം ലഭിച്ചതെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഗജേന്ദ്രന് ചേനയാണ് താൻകൃഷി ചെയ്യുന്നതെന്ന് ബാലചന്ദ്രനായര് പറയുന്നു.
വീട്ടിലെ ചപ്പുചവറുകള്‍ ഉള്‍പ്പടെ ജൈവവസ്തുക്കള്‍ ഉപയോഗിച്ച് തന്നെ ചേന കൃഷി ചെയ്യാം. അഞ്ചടി അകലത്തില്‍ രണ്ടടി താഴ്ചയില്‍ കുഴികളെടുത്ത് വിത്തിട്ട് അതിന് മുകളില്‍ കമ്പോസ്റ്റ്, 10 ഗ്രാം കുമ്മായം, 10 ഗ്രാം നിമോ എന്നിവ ഇട്ടുകൊടുക്കണമെന്നും മുളച്ചതിനുശേഷം ചാണകപൊടി ചേര്‍ത്ത് മണ്ണിട്ട് കൊടുക്കണമെന്നും അദ്ദേഹം പറയുന്നു.
അഞ്ച് മാസമാകുമ്പോള്‍ മുതല്‍ വിളവെടുക്കാമെന്ന് ബാലചന്ദ്രന്‍നായര്‍ പറഞ്ഞു. വിളവെടുക്കുന്ന ചേന ആറുമാസം വരെ കേടുവരാതെ ഇരിക്കും.
തോരന്‍, എരിശ്ശേരി, പായസം, അവിയല്‍, മെഴുക്ക്പുരട്ട്, വറ്റല്‍ എന്നിവയുണ്ടാക്കാന്‍ ചേന ഉപയോഗപ്രദമാണ്.