കൽപ്പറ്റ: സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 160-170 രൂപയാണ് നിലവിൽ കോഴിക്ക് ഈടാക്കുന്നത്.
അതേസമയം കോഴിറച്ചിക്ക് 230 മുതൽ 250 രൂപവരെയാണ് വില. കോഴിയുടെ വില കൂടിയതോടെ കോഴി വിൽപനയിലും വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കോഴി കച്ചവടക്കാരെയും ഗാർഹിക ഉപഭോക്താക്കളെയും ഹോട്ടൽ ഉടമകളെയും കോഴി വിലയിലുണ്ടായ വർധന സാരമായി ബാധിച്ചിട്ടുണ്ട്.
കോഴിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ആവശ്യപ്പെട്ടു.
ഒരു മാസത്തിനിടെ 90 രൂപയുടെ വർധനയാണ് കോഴിഇറച്ചി വിലയിലുണ്ടായത്. കോഴിക്കും കുഞ്ഞുങ്ങൾക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയർന്നിട്ടുണ്ട്.
കോഴിത്തീറ്റയ്ക്കും വില ഉയർന്നു. കോഴി കുഞ്ഞുങ്ങൾക്ക് 20 രൂപ ഉണ്ടായിരുന്നത് 40 രൂപയായി വർധിച്ചു.
ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകൾ ഇറച്ചിക്കോഴി ഉത്പാദനം നിർത്തിയ നിലയിലയിലാണ്.
വിലവർധനവിന് പിന്നിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും ചില കുത്തക ലോബികളാണെന്ന് വ്യാപാരികൾ പറയുന്നു.
വേണ്ടത്ര കോഴിക്കുഞ്ഞുങ്ങളെ നൽകാത്തതാണ് ഇപ്പോൾ കേരളത്തിൽ വില വർധിച്ചതിനു കാരണം.
ഇന്ധനവില ഉയർന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ചൂട് കൂടുന്പോൾ കേരളത്തിലെ ചെറുകിട ഫാമുകളിൽ ഉത്പാദനം കുറയുന്നത് പതിവാണ്.
ചൂടു നീണ്ടുനിൽക്കുമെന്നതിനാൽ വരും ദിവസങ്ങളിലും വില ഉയർന്നു തന്നെ നിൽക്കുമെന്ന് വയനാട് ജില്ലാ ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ഭാരവാഹികളായ സെക്രട്ടറി ഷറഫു ബത്തേരി, വൈസ് പ്രസിഡന്റ് സഫീർ നാലാംമൈൽ, ട്രഷറർ റംഷാദ് കൽപ്പറ്റ എന്നിവർ അറിയിച്ചു.