കുണ്ടറ : തെങ്ങു വലിച്ചു കിട്ടുന്നതിന് കൂലിയായി 50,000 രൂപ വാങ്ങി വയോധികനെ കബളിപ്പിച്ചവരെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വിരുതന്റെ സിസിറ്റിവി ദൃശ്യം പോലീസ് പുറത്ത് വിട്ടു. കുണ്ടറ പുന്നമുക്ക് ജംഗ്ഷന് സമീപത്തുള്ള ഒരു വീടിനു മുന്നിൽ ദേശീയ പണിമുടക്ക് ദിവസം രാവിലെ തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് അന്വേഷിച്ച് സ്കൂട്ടറിൽ എത്തുകയായിരുന്നു രണ്ടുപേർ.
വീട്ടുടമയായ വയോധികനോട് തെങ്ങു വലിച്ചുകെട്ടാൻ ഉണ്ടോ എന്ന് ചോദിച്ചു. കൂലി ചോദിച്ചപ്പോൾ 400 രൂപ ആകുമെന്നാണ് അവർ പറഞ്ഞത്. 250 രൂപ ആണെങ്കിൽ മതിയെന്ന് വീട്ടുടമ പറഞ്ഞു ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, 250 രൂപക്ക് അവർ സമ്മതിക്കുകയായിരുന്നു. തെങ്ങു വലിച്ചു കെട്ടാൻ ആരംഭിച്ചപ്പോൾ നേരത്തെ കെട്ടിയിരുന്ന കമ്പി പൊട്ടിപ്പോവുകയും അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവെച്ചു കെട്ടാമെന്നു പറയുകയായിരുന്നു.
പണികഴിഞ്ഞപ്പോഴാണ് അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിയുടെ വില കൂടുതലാണെന്നും 60000 രൂപ വേണമെന്നും ആവശ്യപ്പെടുന്നത്. അത്രയും തുക കൊടുക്കാൻ വിസമ്മതിച്ച വീട്ടുടമയുമായി തുടർന്ന് വാക്കുതർക്കമായി.ഒടുവിൽ ഭീഷണിപ്പെടുത്തി ബലമായി 50000 രൂപ വാങ്ങിച്ചെന്നുമാണ് വയോധികനായ വീട്ടുടമയുടെ പരാതി.
കൈയിൽ ഉണ്ടായിരുന്ന 25000 രൂപ അപ്പോൾത്തന്നെ കൊടുത്തു. ബാക്കി തുകയായ 25000 രൂപയ്ക്കുള്ള ചെക്കും നൽകി’എന്നാണ് വീട്ടുടമ പറയുന്നത്.അടുത്ത ദിവസം കുണ്ടറയിലെ ഒരു കടയിൽ പോയി കമ്പിയുടെ വില തിരക്കിയപ്പോൾ അവർ തെങ്ങു കെട്ടാൻ ഉപയോഗിച്ച 350 മീറ്റർ കമ്പിക്ക് 130 രൂപ പ്രകാരം 6500 രൂപയെ വില വരൂ എന്നാണ് മനസിലാവുന്നത്.
പിറ്റേദിവസം ആശുപത്രി മുക്കിലുള്ള ബാങ്കിൽ എത്തി കബളിപ്പിച്ചവർ കാഷ് എടുക്കുന്ന സിസിടിവി ദൃശ്യത്തിന്റെ തെളിവ് ഉൾപ്പടെ തുടർന്ന് വീട്ടുടമ കുണ്ടറ പോലീസിൽ പരാതി നൽകുകയായിരുന്നു. തെങ്ങുകെട്ടാനെത്തിയവർ ചാത്തന്നൂരിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും ഇവർ നൽകിയിരുന്ന ഫോൺ നമ്പറിൽ വിളിക്കുമ്പോൾ മലപ്പുറത്തുള്ള ആരോ ആണ് ഫോൺ ഇപ്പോൾ എടുക്കുന്നത്.