ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരൻ ഡേവിഡ് സലോയ്ക്ക്. “ഫ്ളെഷ്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്പ്പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50,000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്കാരത്തുക.
കാനഡയില്‍ ജനിച്ച സലോ ഇപ്പോള്‍ വിയന്നയിലാണ് താമസിക്കുന്നത്. ഇരുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം.
സലോയുടെ ആദ്യ നോവലായ “ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്’ 2008-ല്‍ ബെറ്റി ട്രാസ്ക്, ജെഫ്രി ഫേബര്‍ മെമോറിയല്‍ പുരസ്കാരങ്ങള്‍ നേടി. “ഓള് ദാറ്റ് മാന്‍ ഈസ്’ എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു.
2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും സലോ ഇടംനേടി. 2019-ല്‍ “ടര്‍ബുലന്‍സ്’ എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു. “ഫ്ളെഷ്’ അദ്ദേഹത്തിന്റെ ആറാമത്തെ കൃതിയാണ്.

