കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച് ‘പ്രിയം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് ദീപ നായർ. ദീപയുടെ ആദ്യത്തെ ചിത്രമായിരുന്നു പ്രിയം. എന്നാൽ ആ ചിത്രത്തിനു ശേഷം നടി പിന്നീട് സിനിമയിൽ അഭിനയിച്ചില്ല.
വിവാഹത്തിന് ശേഷം താരം വിദേശത്തേക്ക് പറന്നു. പണ്ട് തന്റെ പ്രിയം എന്ന സിനിമ കണ്ട് ആരാധകനായ ഒരു ആരാധകൻ ഇപ്പോൾ താൻ ആരാധിക്കുന്ന നടൻ ആയി മാറിയെന്ന് പറയുകയാണ് ദീപ. നടനൊപ്പമുള്ള വിഡിയോയും നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
താരം ആരാണെന്ന് പരയാൻ പല സൂചനകളും ദീപ വീഡിയോയിൽ നൽകുന്നുണ്ട്. ഇഷ്ട താരത്തിന്റെ മുഖം ബ്ലർ ചെയ്താണ് വീഡിയോ തുടങ്ങുന്നതെങ്കിലും ഓരോ ക്ലൂവിലും ബ്വർ മാറി പതിയെ ക്ലിയർ ഫോട്ടോയിലേക്ക് വരുന്നുണ്ട്. ഓരോ ഘട്ടത്തിലും ആരാണെന്നുള്ള സൂചന നൽകുന്നുണ്ട്.
‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്.
ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ഇദ്ദേഹം എത്തുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഇതാരെന്ന് ഏകദേശം മനസിലായിക്കാണും.
അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ പ്രിയ പറഞ്ഞു.