കൊല്ലം മെഡിസിറ്റിയില്‍ ചികിത്സ നിഷേധിച്ചു; റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയ്‌ക്കെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

കൊല്ലം: അപകടത്തില്‍പ്പെട്ട യുവാവിന് ചികിത്സ നിഷേധിച്ച ആശുപത്രിയുടെ നിഷ്ഠൂരതയില്‍ പൊലിഞ്ഞത് ഒരു മനുഷ്യജീവന്‍. തിരുനെല്‍വേലി സ്വദേശി മുരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാല്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലന്‍സില്‍ ചികിത്സ കിട്ടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ കാത്ത് കിടന്നത്.

സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസ് എടുക്കാന്‍ ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ തങ്ങള്‍ക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ പൊലീസ് അംബുലന്‍സ് െ്രെഡവറുടെ മൊഴിയെടുത്തു. ഇരവിപുരം പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മെഡിസിറ്റി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് എടുക്കും.

മെഡിസിറ്റി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. ഏഴുമണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ രാവിലെ ആറുമണിയോടെ മുരുകന്‍ മരിച്ചു. അതേസമയം മെഡിസിറ്റിക്ക് എതിരെ നിരവധി പരാതികളാണ് ഉയരുന്നത്. പ്രസവത്തിന് ശേഷം അമ്മമാര്‍ക്ക് കുട്ടികളെ മാറി നല്‍കിയ സംഭവത്തില്‍ ഒടുവില്‍ തിരിച്ചറിയാന്‍ വേണ്ടി വന്നത് ഡിഎന്‍എ ടെസ്റ്റ്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് 22 ന്് നടന്ന പ്രസവമാണ് മാസങ്ങള്‍ക്ക് ശേഷം ഡിഎന്‍എ ടെസ്റ്റിലൂടെ പരിഹരിച്ചത്.

പ്രസവത്തിന് ശേഷം ആശുപത്രി അധികൃതര്‍ക്ക് കുട്ടികള്‍ മാറിപ്പോവുകയും മാസങ്ങളോളം ഇരു ദമ്പതികളും തങ്ങളുടേതല്ലാത്ത കുട്ടികളെ പോറ്റുകയുമായിരുന്നു. ഒടുവില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡിഎന്‍എ പരിശോധനകളും രക്തസാമ്പിളുകളുടെ പരിശോധനകളും കുട്ടികളെ തിരിച്ചറിയാന്‍ സഹായിക്കുകയായിരുന്നു. പിഴവ് അംഗീകരിക്കാന്‍ ആശുപത്രി കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ ഇടപെടലാണ് മാതാപിതാക്കള്‍ക്ക് രക്തത്തില്‍ പിറന്ന കുട്ടികളെ തിരിച്ചു കിട്ടാന്‍ ഇടയായത്.അതിനിടെ മഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ നഴ്‌സുമാരോട് മോശമായി പെരുമാറുന്നതു സംബന്ധിച്ചും പരാതി ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോയി വാര്‍ഡിലേക്ക് മാറ്റാന്‍ വിളിച്ചയുടനെ എത്താത്തതിനാണ് ഡോക്ടര്‍ നഴ്‌സിനെ അസഭ്യം പറഞ്ഞത്.

ആശുപത്രിയിലെ ഡോക്ടറും പ്ലാസ്റ്റിക് സര്‍ജനുമായ ശരത് ടിഎസ് ആണ് ആശുപത്രിയിലെ നഴ്‌സിനോട് മോശമായി പെരുമാറിയതും അടിക്കാന്‍ കൈയോങ്ങിയതും. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ യൂണിഫോമിന് മുകളില്‍ കറുത്ത ബാഡ്ജണിഞ്ഞ് കരിദിനമാചരിച്ചിരുന്നു. ഇതിനിടെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവാദവും മെഡി സിറ്റിയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

 

Related posts