ന്യൂഡൽഹി: ഡൽഹിയിൽ ഹമാസ് മോഡൽ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതി തയാറാക്കിയിരുന്നതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയതിന് സമാനമായ ആക്രമണം രാജ്യതലസ്ഥാനത്ത് നടത്താനായിരുന്നു “വൈറ്റ് കോളർ’ ഭീകരരുടെ പദ്ധതി.
കാർ ബോംബുകളിലേക്കു മാറുന്നതിനു മുമ്പ് ഡൽഹിയിലും മറ്റ് അതീവ സുരക്ഷാമേഖലകളിലും റോക്കറ്റ് ബോംബ് ആക്രമണം നടത്താനാണ് ഭീകരർ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ചാവേർ ആക്രമണം നടത്തിയ ഉമർ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്കു ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മു കാഷ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണു പിടികൂടിയത്.

