നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടി മൃണാൾ ഠാക്കൂർ. പരക്കുന്നത് അഭ്യൂഹങ്ങൾ ആണെന്നും ധനുഷ് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും താരം ഒരഭിമുഖത്തിൽ പറഞ്ഞതായി ഒൺലി കോളിവുഡ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ അറിഞ്ഞിരുന്നു. എനിക്ക് അതുകേട്ട് ചിരിയാണ് വന്നത്. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അറിയാം. അത് കണ്ടപ്പോൾ തമാശയായി തോന്നി. സൺ ഒഫ് സർദാർ 2വിന്റെ പ്രദർശനത്തിലേക്കു ധനുഷിനെ ഞാൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. നടൻ അജയ് ദേവ്ഗണാണ് ക്ഷണിച്ചത്. പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിച്ചു തല പുകയ്ക്കേണ്ട- എന്ന് മൃണാൾ പറഞ്ഞതായാണു റിപ്പോർട്ടുകൾ.
അടുത്തിടെ ചില പരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തതാണു ഗോസിപ്പുകൾക്കു വഴിതുറന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു മൃണാൾ ഠാക്കൂറിന്റെ പിറന്നാളാഘോഷം നടന്നത്. ഈ പരിപാടിയിൽ ധനുഷ് എത്തിയിരുന്നു. കൂടാതെ മൃണാളിന്റെ ബോളിവുഡ് ചിത്രം സൺ ഓഫ് സർദാർ 2ന്റെ ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനും ധനുഷ് മുംബൈയിലെത്തിയിരുന്നു.
ഈ ചടങ്ങിൽ മൃണാളും ധനുഷും കൈപിടിച്ച് സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ തേരേ ഇഷ്ക് മേയ്ക്കായി എഴുത്തുകാരിയും നിർമാതാവുമായ കനിക ധില്ലൺ കഴിഞ്ഞ ജൂലൈയിൽ സംഘടിപ്പിച്ച പാർട്ടിയിൽ മൃണാൾ പങ്കെടുത്തിരുന്നു. ധനുഷും മൃണാളും ഒരുമിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ചിത്രങ്ങളും കനിക പങ്കുവച്ചിരുന്നു. പിന്നീട് ധനുഷിന്റെ സഹോദരിമാരായ ഡോ.കാർത്തികയെയും വിമല ഗീതയെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് ഗോസിപ്പിനു ശക്തി പകർന്നിരുന്നു.