ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങളുടെ ലഭ്യത ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ആന്തരിക ഘടകമാണെന്നു സുപ്രീംകോടതി. ഈ സൗകര്യങ്ങൾ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ലഭ്യമാകുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ബാങ്കിംഗ് മേഖലകളിൽ നടപ്പാക്കിയ നോ യുവർ കസ്റ്റമർ (കെവൈസി) പ്രക്രിയ ലഘൂകരിക്കുന്നതിനുള്ള നിർദേശവും കോടതി മുന്നോട്ടുവച്ചു. ആസിഡ് ആക്രമണം നേരിട്ട ഒരു യുവതിയും കാഴ്ചവൈകല്യമുള്ള ഒരാളും കെവൈസി പ്രക്രിയ ചെയ്യുന്നതിന് ബാങ്കിൽ നേരിട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വിധി പുറപ്പെടുവിക്കുന്പോഴാണ് കോടതി നിർണായക നിർദേശങ്ങൾ നൽകിയത്.
മുഖത്ത് വൈകല്യം സംഭവിച്ചവരോ മറ്റു വൈകല്യമുള്ളവരോ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും കെവൈസി പോലുള്ള ഡിജിറ്റൽ പ്രക്രിയകൾ ഒരുപോലെ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം സംവിധാനങ്ങൾ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു പരിഷ്കരിക്കേണ്ടതാണ്. രാജ്യത്തു ഡിജിറ്റൽ വിഭജനം വർധിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ആസിഡ് ആക്രമണം നേരിട്ട നിരവധിപ്പേർക്കു പരിഷ്കരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
സ്വന്തം ലേഖകൻ