കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ സനല്‍കുമാറിനെ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സനല്‍കുമാറിനെ മുംബൈയില്‍ നിന്ന് എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇയാളെ കൊച്ചിയില്‍ എത്തിക്കുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപവാദ പ്രചാരണം നടത്തല്‍, വ്യാജശബ്ദസന്ദേശം പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് സംവിധായകനെതിരെ നടി നല്‍കിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സനല്‍കുമാര്‍ ശശിധരനെതിരെ നടി എളമക്കര പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സനല്‍കുമാറിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു നടിയുടെ പരാതി. തഅമേരിക്കയില് നിന്ന് ഞായറാഴ്ച മുംബൈയില്‍ എത്തിയ സനല്‍കുമാറിനെ മുംബൈ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച് കൊച്ചി സിറ്റി പോലീസിന് കൈമാറുകയായിരുന്നു. 2022ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തതാണ്.
പ്ലാറ്റ് ഫോമിലും ഷോ
ഇന്നലെ രാത്രി പോലീസ് കൊച്ചിയിലെത്തിച്ച സനല്‍കുമാര്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ വീണു കിടന്നാണ് ഷോ കാണിച്ചത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സനല്‍കുമാര്‍ ക്ഷുഭിതനായി മാധ്യമങ്ങളോട് സംസാരിക്കവെ പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു.”എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത് ? ഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ.
ഞാന്‍ മോഷ്ടിച്ചോ. ഞാന്‍ ഖജനാവ് കൊള്ളയടിച്ചോ. ഞാന്‍ മാസപ്പടി വാങ്ങിയോ. ഞാന്‍ പ്രേമിച്ചു. രണ്ടു പേര് തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ. ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം. ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പോലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നത്” സനല്‍കുമാര്‍ ശശിധരന് പറഞ്ഞു. രണ്ട് പരാതിയും നടിയല്ല നല്‍കിയത്. കെട്ടിച്ചമച്ചതാണ്. രണ്ട് കേസും കള്ളക്കേസാണെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.

