തമിഴ് രാഷ്ട്രീയത്തില്‍ എന്നും താരമായിരുന്നു ജയലളിത. 1983ല്‍ എഐഎഡിഎംകെയുടെ പ്രചരണ വിഭാഗം മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടിയിലെ കരുത്തയായി മാറിയ ജയയ്ക്ക് പക്ഷേ ഒരിക്കല്‍ കാലിടറി. അതും തോല്‍വികള്‍ മാത്രം സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന ഒരു മനുഷ്യനോട്. മറ്റാരുമല്ലത് ഡിഎംകെ നേതാവായിരുന്ന ഇ.ജി. സുഖവനം എന്ന മനുഷ്യന്റെ മുമ്പില്‍. 1991ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ ജയ 96ല്‍ തുടര്‍ ഭരണത്തിന് ശ്രമിച്ച തെരഞ്ഞെടുപ്പിലാണ് പരാജയം രുചിച്ചത്. 96ലെ തെരഞ്ഞെടുപ്പില്‍ ജയ പരാജയപ്പെട്ടുവെന്ന് മാത്രമല്ല എഐഎഡിഎംകെയ്ക്ക് ഭരണത്തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു.
ജയലളിതയ്‌ക്കെതിരേ പലപ്പോഴും ദുര്‍ബല സ്ഥാനാര്‍ഥിയെയായിരുന്നു പ്രതിപക്ഷ കക്ഷികള്‍ നിര്‍ത്തിയിരുന്നത്. കാര്യമായ പ്രതീക്ഷയില്ലാത്തിടത്ത് കാശും സമയവും കളയേണ്ടെന്നു കരുതിയായിരുന്നു ഇത്. 96ലെ തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ര്‍ഗുര്‍ മണ്ഡലത്തിലായിരുന്നു മത്സരം. ബര്‍ഗുര്‍ മണ്ഡലത്തില്‍ അതിന് മുന്‍പ് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട നേതാവാണ് സുഖവനം. അതുകൊണ്ട് തന്നെ ചാവേറാകാന്‍ ഒരുങ്ങിക്കെട്ടി തന്നെയാണ് സുഖവനം ബര്‍ഗൂറിലേക്ക് വണ്ടികയറിയത്. ഇന്നത്തെ പോലെയായിരുന്നില്ല അന്ന് കാര്യങ്ങള്‍. നിരവധി അഴിമതി ആരോപണങ്ങളില്‍പ്പെട്ട് ജയ നട്ടംതിരിയുന്ന സമയം. കലൈഞ്ജര്‍ കരുണാനിധിയാകട്ടെ ശക്തനും. ഭരണവിരുദ്ധ തരംഗവും ജയയുടെ അഴിമതി പ്രതിച്ഛായയും ബര്‍ഗൂരില്‍ വിധിയെഴുതി.
ഫലം വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ച് സുഖവനം എംഎല്‍എയായി. ഭൂരിപക്ഷം 8,366 വോട്ടുകള്‍. ഈ തെരഞ്ഞെടുപ്പിന് പിന്നാലെ അണ്ണാഡിഎംകെ പിളരുകയും ചെയ്തു. 2011ല്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ സുഖവനം മത്സരിച്ചെങ്കിലും കെട്ടിവച്ച കാശുപോലും നഷ്ടമായി. പിന്നീട് കൃഷ്ണഗിരി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ വിജയിച്ച് എം.പിയായി.