ന്യൂഡൽഹി: റൈസിൻ ഭീകരാക്രമണ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രതി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയിദിനു തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്. അഹമ്മദാബാദിലെ അതീവ സുരക്ഷയുള്ള സബർമതി സെൻട്രൽ ജയിലിൽ മൂന്ന് വിചാരണ തടവുകാരുമായാണ് ഭീകരൻ ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. സയ്യിദിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ചില അജ്ഞാതമായ കാരണങ്ങളാൽ, സയിദും മറ്റു മൂന്നു തടവുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ സയിദിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട്, ജയിലിലേക്കു തിരികെ കൊണ്ടുവന്നു’.-അഗർവാൾ അറിയിച്ചു. ഹൈദരാബാദ് നിവാസിയായ സയിദ്, ആയുധങ്ങളും റൈസിൻ എന്ന മാരക വിഷവും ഉപയോഗിച്ച് വലിയ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നു.
സയിദ് ഉൾപ്പടെ മൂന്നു ഭീകരരെ നവംബർ എട്ടിന് ഗുജറാത്ത് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ, ഹൈദരാബാദിലെ ഭീകരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബോംബ് നിർമാണത്തിനായുള്ള രാസവസ്തുക്കളും അസംസ്കൃത വസ്തുക്കളും എടിഎസ് കണ്ടെത്തിയിരുന്നു.

