തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ രാജിവച്ചു.
രാജിവച്ചതായി ഡോക്ടര്‍ രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടു പോലും നീതി കിട്ടിയില്ലെന്നും രാഹുല്‍ മാത്യു പറഞ്ഞു.
മേയ് 14നാണ് സംഭവം നടന്നത്. സിപിഒ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം.
അമ്മ മരിച്ച് തൊട്ടടുത്ത ദിവസമായിരുന്നു ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) പ്രതിഷേധത്തിലാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും.
വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒപി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബര്‍ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മുടക്കമുണ്ടാവില്ല.
വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പോലീസുകാരനുള്പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജി.എസ് വിജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി ഡോ.ടി.എന്‍ സുരേഷ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.