തന്റെ ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്. ജീവിതത്തില്‍ രണ്ടു തവണ താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്നു താന്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുകയും ജീവിതം മാറ്റിയെടുത്തുവെന്നും ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
ജീവിതത്തിൽ ആദ്യമായി തകര്‍ച്ച നേരിട്ടത് സ്കൂളില്‍ പഠിക്കുമ്പോഴാണ്. അന്നു ഞാന്‍ ആരോ ആണെന്ന ഭാവം ആയിരുന്നു എനിക്ക്. പെട്ടെന്നാണ് ആരും എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും ഇഷ്ടം തോന്നുന്നൊരു സ്വഭാവമല്ല എന്റേതെന്നും തിരിച്ചറിയുന്നത്.
എന്റെ സുഹൃത്തുക്കള്‍ ഒരുനാള്‍ എന്നോട് ഇനി നീയുമായി ഞങ്ങള്‍ക്ക് സൗഹൃദമില്ലെന്നും നിന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണെന്നും പറഞ്ഞു. അതിന് ഞാനിന്ന് നന്ദി പറയുകയാണ്- ദുല്‍ഖര്‍ പറയുന്നു.
അന്നത്തേതുപോലെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്ക് നല്ല സൗഹൃദങ്ങളോ ഒരു വ്യക്തിത്വമോ ഉണ്ടാകുമായിരുന്നില്ല. ആ സംഭവം എന്നെ മാറ്റി. എനിക്ക് ആളുകളുടെ ഇഷ്ടം വേണം. പക്ഷേ, എന്തുകൊണ്ട് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല? അവിടെ നിന്നാണ് എന്റെ വ്യക്തിത്വം മാറുന്നതും.
ആളുകളുമായി തുറന്നു സംസാരിക്കാനും, അവര്‍ എന്താണു വായിക്കുന്നത്, എന്ത് പാട്ടാണ് കേള്‍ക്കുന്നത്, അങ്ങനെ കുറേക്കൂടി ഇന്ററസ്റ്റിംഗ് ആയൊരു വ്യക്തിയായി മാറാന്‍ ശ്രമിച്ചു. ആളുകള്‍ക്ക് ഇഷ്ടം തോന്നണമെങ്കില്‍ നമ്മൾ അനുകമ്പയുള്ളവരായിരിക്കണം എന്ന് തിരിച്ചറിഞ്ഞു. സിമ്പിളായൊരു കാര്യമായിരുന്നുവെങ്കിലും 12-13 വയസുള്ളപ്പോള്‍ എനിക്കത് അറിയില്ലായിരുന്നു. അനുകമ്പയുള്ളവരാകാന്‍ വലിയ സ്ഥാനമാനങ്ങളില്‍ ഇരിക്കുകയൊന്നും വേണ്ട. അതൊരു മാനസികാവസ്ഥയാണ്- ദുൽഖർ വ്യക്തമാക്കി.
രണ്ടാമത്തെ സാഹചര്യം സിനിമയിലേക്കു വരുന്നതിനു തൊട്ടുമുമ്പാണ്. ഞാന്‍ അന്ന് ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. അതൊരു ദുരന്തമായിരുന്നു. ഞാന്‍ ചെന്ന് ഒരു കൊല്ലം കഴിയുമ്പോഴാണ് ആഗോള സാമ്പത്തികമാന്ദ്യം വരുന്നത്. എന്തു ചെയ്യണമെന്ന് അറിയില്ല.
എങ്ങോട്ട് പോകണമെന്ന് അറിയില്ല. എനിക്കാണെങ്കില്‍ വീട്ടുകാരുടെ കാശിന് ജീവിക്കാനും വയ്യ. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു. എന്തു വേണമെങ്കിലും അത് സ്വയം നേടണം എന്നാണ് എന്റെ ചിന്ത. ആ സമയം, 26-ാം വയസില്‍, ഞാനൊരു വലിയ പരാജയം ആണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്.
ഇന്‍ഡസ്ട്രിയില്‍ നിന്നുമല്ലാതിരുന്ന സുഹൃത്തിനൊപ്പം ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ അവന് ഇത്രയും ധൈര്യമുള്ളപ്പോള്‍ എനിക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല എന്നു ചിന്തിച്ചു. അതേക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചു. വാപ്പച്ചി വളരെ പ്രൊട്ടക്ടീവാണ്. നിനക്കുവേണ്ടി എനിക്ക് വന്നുനിന്ന് അഭിനയിക്കാനാകില്ല, നീ തന്നെ അഭിനയിക്കണം.
നീ മോശമായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ ക്രൂരമായിട്ടാകും പെരുമാറുക. എന്റെ മകനായതു കൊണ്ടു മാത്രം അവര്‍ നിന്നെ ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞു. അദ്ദേഹത്തോടു മനസുതുറന്ന് സംസാരിച്ച അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു.
പക്ഷേ, നാല്‍പ്പതാം വയസില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇഷ്ടമുള്ളൊരു കാര്യം ശ്രമിച്ചു പോലും നോക്കിയില്ലല്ലോ എന്ന കുറ്റബോധം തോന്നിയേക്കാം എന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു- ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.

