ഇനിയൊരു മലവെള്ളപ്പാച്ചിൽപോലെ തെരഞ്ഞെടുപ്പുരാഷ്ട്രീയം ഗ്രാമ-നഗരങ്ങളെ വിഴുങ്ങും. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്ക് ലക്ഷക്കണക്കിനു സ്ഥാനാർഥികൾ മത്സരിക്കുന്ന വലിയൊരു തെരഞ്ഞെടുപ്പിനു തുടക്കമായി. ഡിസംബർ 9, 11 തീയതികളിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
വന്യജീവി-തെരുവുനായ ശല്യവും മാലിന്യനിർമാർജനവും പോലെയുള്ള അടിസ്ഥാന വിഷയങ്ങളാണ് ജനം ഉന്നയിക്കേണ്ടത്. കാരണം, രാജ്യവും സംസ്ഥാനങ്ങളുമൊക്കെ ഭരിക്കുന്നവരാണ് പഞ്ചായത്തുകളിലും കൈകൂപ്പിയെത്തുന്നത്. കാര്യങ്ങൾ തുറന്നുപറയാൻ ഇതാണു സമയം. അതേസമയം, വർഗീയ-തീവ്രവാദ ശക്തികളിലൂടെയുള്ള ഒരു പരിഹാരത്തിനും ശ്രമിക്കുകയുമരുത്.
മത്സരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമൊക്കെ അടുത്തറിയാവുന്നവരോ അയൽക്കാരോ ആയതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പെടുത്തിയതിനപ്പുറം, സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു പെരുമാറ്റച്ചട്ടം നാമെല്ലാം പാലിക്കേണ്ടതുമുണ്ട്. അപരന്റെ വ്യക്തിഹത്യകൊണ്ടല്ല, സ്വന്തം വ്യക്തിമാഹാത്മ്യംകൊണ്ടാകട്ടെ വിജയം. സമ്മതിദാനാവകാശം പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത്, ഈ ജനാധിപത്യോത്സവത്തിൽ ലക്ഷ്യബോധത്തോടെ പങ്കെടുക്കാം.
കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത മട്ടന്നൂർ ഒഴികെ 1,199 തദ്ദേശ സ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ്. നവംബര് 14ന് വിജ്ഞാപനം പുറത്തിറക്കും. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്പേ സ്ഥാനാർഥികളും പാർട്ടികളുമൊക്കെ സജീവമായിരുന്നു. വളരെ കുറച്ചിടങ്ങളിൽ മാത്രമേ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനുള്ളൂ. ഒരു വോട്ട് ചെയ്യുക, സ്വന്തം പാർട്ടിയോ സ്ഥാനാർഥിയോ ജയിക്കുക എന്നതിലപ്പുറം അടിസ്ഥാനപരമായ വികസന പ്രക്രിയയിൽ ജനം പങ്കെടുക്കുന്ന ജനാധിപത്യ പ്രക്രിയയാണിത്.
രാഷ്ട്രീയ-വ്യക്തി താത്പര്യങ്ങൾക്കപ്പുറം നാടിന്റെ വികസനത്തിലാണ് വോട്ടർമാർ പങ്കെടുക്കുന്നത്. ഇനിയുള്ള അഞ്ചു വർഷം നമ്മുടെ ചുറ്റുവട്ടത്തെ കാര്യങ്ങൾ നടത്താനൊരാളെ തെരഞ്ഞെടുക്കുകയാണ്. ഓരോ നാടിനും അതിന്റേതായ ആവശ്യങ്ങളാണുള്ളത്. അതേസമയം, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുതാത്പര്യങ്ങളെ തളർത്തുകയുമരുത്. അതിൽ പ്രധാനം വർഗീയ-തീവ്രവാദ ശക്തികളെ അകറ്റിനിർത്തുക എന്നതാണ്. വർഗീയ പാർട്ടികളെ മാത്രമല്ല, മതേതര പാർട്ടികളുടെ മറവിൽ നുഴഞ്ഞുകയറുന്ന മതഭ്രാന്തരെയും ഒഴിവാക്കുകതന്നെ വേണം.
കേരളത്തിന്റെ പൊതുവായ ചില പ്രശ്നങ്ങളുണ്ട്. തെരുവുനായ-വന്യജീവിശല്യം അതിൽ പ്രധാനമാണ്. മനുഷ്യർ പൊറുതിമുട്ടി. മാലിന്യനിർമാർജനം വലിയ പ്രതിസന്ധിയാണ്. കുടുംബശ്രീക്കാർ മാസത്തിലൊരിക്കൽ പെറുക്കുന്ന പ്ലാസ്റ്റിക് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. നാട്ടിലെ ജലസ്രോതസുകളെല്ലാം കുപ്പത്തൊട്ടിയായി. ജീവിതശൈലീ രോഗങ്ങൾ കേരളത്തെ വിഴുങ്ങിയിട്ടും പൊതു കളിസ്ഥലങ്ങളോ മൈതാനങ്ങളോ പോലുമില്ലാത്തവയാണ് വാർഡുകളിലേറെയും.
അതിരാവിലെ നടക്കാനിറങ്ങുന്നവർക്ക് വാഹനമിടിച്ചും പട്ടി കടിച്ചും പരിക്കേൽക്കുന്നതു പതിവായി. അതുപോലെ, വർഗീയ-തീവ്രവാദ ശക്തികൾ എല്ലാ പാർട്ടികളിലും പിടിമുറുക്കി. അവയെ ഒപ്പം നിർത്തിയുള്ള എല്ലാ സഖ്യങ്ങളും തുറന്നുകാട്ടണം. ഇത്തരക്കാരെ ഒളിപ്പിച്ചു കടത്തുന്ന പാർട്ടികളെ തോൽപ്പിക്കുകയേ നിവൃത്തിയുള്ളൂ. വർഗീയവാദികളും അഴിമതിക്കാരുമൊന്നും പൂട്ടു പൊളിച്ചല്ല പഞ്ചായത്തുകളിലെത്തിയത്. നമ്മൾ ആനയിച്ചിരുത്തിയതാണ്.
പ്രചാരണത്തിനിടയിലും വോട്ടിംഗിനു തലേന്നുമൊക്കെ വ്യക്തിഹത്യകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പതിവാണ്. പക്ഷേ, നിയമസഭയിലും ലോക്സഭയിലും ഉള്ളതുപോലെയല്ല, പഞ്ചായത്തുകളിലോ വാർഡുകളിലോ ഉള്ളവർ ഫലപ്രഖ്യാപനത്തിനുശേഷവും മുഖാമുഖം കാണുകയും സഹായിക്കുകയും ചെയ്യേണ്ടവരാണ്. സത്യം ചെരുപ്പിട്ടെത്തുന്പോഴേക്കും നുണ പഞ്ചായത്ത് മെംബറായിരിക്കരുത്.
അതുകൊണ്ട് അടിസ്ഥാന മര്യാദയും മാന്യതയും പാലിക്കണം. നാല് വോട്ടിനുവേണ്ടി വ്യക്തികളെ അധിക്ഷേപിക്കരുത്. സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പെരുമാറ്റത്തിലേക്ക് ഉറ്റുനോക്കുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ സുതാര്യമായ നടപടിക്രമങ്ങളിലൂടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും വേണം. ജനം ജാഗ്രത പാലിക്കുകയും ചെയ്യട്ടെ. വോട്ട് ചെയ്യാത്തവരും കള്ളവോട്ട് ചെയ്യുന്നവരുമാണ് ജനാധിപത്യത്തെ പരാജയപ്പെടുത്തുന്നത്. നാം അക്കൂട്ടത്തിലില്ലെന്ന് ഉറപ്പാക്കാം.
ഒരു പ്രധാന കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. വാഗ്ദാനങ്ങളോ പ്രകടന പത്രികകളോ എന്തുമാകട്ടെ, അവ എന്നു നടപ്പാക്കുമെന്നു പറയാത്തതൊക്കെ വ്യാജമാണ്. വന്യജീവി-തെരുവുനായ വിഷയങ്ങളിലുൾപ്പെടെ പാർട്ടികളെക്കൊണ്ട് അതു പറയിക്കാനായാൽ വലിയ മാറ്റമുണ്ടാകും. തുടങ്ങാം, വാർഡുകളിലൂടെ മികച്ച ഒരിന്ത്യയെ കെട്ടിപ്പടുക്കാനുള്ള ജനാധിപത്യ പങ്കാളിത്തം.
