അടുത്ത വർഷം നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 10 നഗരങ്ങളിൽ നമ്മുടെ കൊച്ചിയെയും തെരഞ്ഞെടുത്തിരിക്കുന്നു. ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയ 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് ഈ അംഗീകാരം; ഇന്ത്യയിൽ കൊച്ചി മാത്രം! ഡിസംബർ 12ന് കൊച്ചി ബിനാലെയുടെ ആറാം പതിപ്പ് തുടങ്ങാനിരിക്കേയാണ് ഈ പുരസ്കാരം.
പക്ഷേ, ചിലതു ചെയ്യാനുണ്ട്. വാർത്ത കണ്ട് ഇവിടെയെത്തുന്നവർക്കു, ടാക്സിക്കാരിൽനിന്നുള്ള തിക്താനുഭവത്തെത്തുടർന്ന് മൂന്നാർ കാണാതെ മടങ്ങിയ മുംബൈയിലെ യാത്രക്കാരിയുടേതുപോലെയുള്ള അനുഭവമുണ്ടാകരുത്.
വിരുന്നുകാരെത്തുന്പോൾ വൃത്തിയും വെടിപ്പും നല്ല പെരുമാറ്റവും തെരുവുനായ മുക്തമായ നാടും ഉറപ്പാക്കി സ്വീകരിക്കാനാകണം. കൊച്ചി കാണാനെത്തുന്നവർ കേരളത്തിലെ മറ്റു നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ തീരുമാനിക്കും. വിനോദസഞ്ചാരമേഖലയെ വളർത്താനുള്ള അവസരമാണിത്. പൊള്ളയായ വീരവാദങ്ങളല്ല, സമയബന്ധിതമായ ഒരുക്കമാണ് ആവശ്യം.
നൂറ്റാണ്ടുകളിലെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്നും വിവിധ രാജ്യങ്ങളിലെ വാസ്തുശില്പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തുചേരുന്ന നഗരമാണിതെന്നും ബുക്കിംഗ് ഡോട്ട് കോം വിലയിരുത്തി. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്തർദേശീയ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങളാണ്. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടത്തെ പാചകപാരമ്പര്യം സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്നും ബുക്കിംഗ് ഡോട്ട് കോം ചൂണ്ടിക്കാട്ടി.
ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഈ നേട്ടം ഏറെ ഗുണകരമാകുമെന്നുമാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചത്. പറഞ്ഞാൽ പോരാ, ഗുണകരമാകണമെങ്കിൽ ഗൃഹപാഠം ചെയ്യണം. കോർപറേഷനെ പറഞ്ഞേൽപ്പിച്ച് മാറിനിന്നാൽ സഞ്ചാരികൾക്കും മാറിനിൽക്കേണ്ടിവരും. മികച്ച വിനോദസഞ്ചാര കേന്ദ്രമായി കൊച്ചിയെ തെരഞ്ഞെടുക്കാൻ കാരണമായതൊക്കെ ഈ ഭൂപ്രദേശത്തിന്റെ ഭാഗവും അതിനോടു ചരിത്രം ചേർത്തുവച്ച അമൂല്യ പൈതൃകങ്ങളുമാണ്. അതിൽ നമ്മുടെ സംഭാവന എന്താണെന്നുകൂടി ആത്മപരിശോധന നടത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്താലേ കൊച്ചിയുടെ പ്രതാപം തെളിഞ്ഞുകാണാനാകൂ.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അവമതിപ്പിനു വിട്ടുകൊടുത്തതെല്ലാം കൊച്ചിയിലുമുണ്ട്. വിയറ്റ്നാം മുതൽ അമേരിക്കവരെയുള്ള, ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലെ മറ്റൊരിടത്തും ഇല്ലാത്തത്. തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ, ഓടകൾ, നാടുതെണ്ടുന്ന തെരുവുനായകൾ, കൊതുകുശല്യം, കരയിലും കടലിലുമെല്ലാം വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ… ഇതൊക്കെയാണ് അറബിക്കടലിന്റെ റാണിയുടെ മുഖത്ത് നാം വാരിത്തേച്ചിരിക്കുന്നത്. ഇനി കൊച്ചിയിലെ യാത്രക്കാരുടെ എണ്ണം വർധിക്കും.
സർക്കാർ പൊങ്ങച്ചം പറഞ്ഞു കൈയും കെട്ടിയിരിക്കരുത്. ശുചിത്വത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. കച്ചവടക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും വിദേശികളോടു മാത്രമല്ല നാട്ടുകാരോടും മാന്യമായി പെരുമാറാൻ പരിശീലനം കൊടുക്കണം. കെഎസ്ആർടിസി ബസുകളും ബോട്ടുകളുമൊക്കെ കഴുകണം, സൈറ്റ് സീയിംഗിന് കൂടുതൽ സൗകര്യങ്ങളുണ്ടാക്കണം… പലതുമുണ്ട് ചെയ്യാൻ.
തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരം, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് കെട്ടിടങ്ങൾ, പോർച്ചുഗീസ് കച്ചവടക്കാർ പണിത സെന്റ് ഫ്രാൻസിസ് പള്ളി, വിദേശികളെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി, ചെറായി-വീരൻപുഴ ബീച്ചുകൾ, കായലുകൾ, മ്യൂസിയങ്ങൾ, ദ്വീപുകൾ, ചീനവല മത്സ്യബന്ധനം… പറഞ്ഞാൽ തീരില്ല കൊച്ചിയുടെ കാഴ്ചകൾ. മുസിരിസ് ബിനാലെ ഇല്ലാത്തപ്പോഴും കൊച്ചി സഞ്ചാരികൾക്കു നിത്യബിനാലെയാണ്.
നഗരത്തിലും പുരാതന നിർമിതികളിലും അറബിക്കടലിലും അതിലൊഴുകുന്ന കപ്പലുകളിലും പൗരാണിക കടകളിലെ രുചിവൈവിധ്യങ്ങളിലുമൊക്കെയായി പ്രകൃതിയൊരുക്കിയൊരു ബിനാലെ. അതായത്, കൊച്ചിയിൽ പ്രകൃതിയും ചരിത്രവും അതിന്റെ ജോലി ചെയ്തിട്ടുണ്ട്. അവിടെ നാം ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്തിയാൽ മതി. അവിചാരിതമായി അതിനൊരു അവസരം കൈവന്നിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ ഇനിയൊരിക്കലുമില്ല
