ഈ വർഷത്തെ തീർഥാടനം തുടങ്ങിയ ആദ്യ ദിവസങ്ങളിൽതന്നെ ശബരിമല ഭക്തരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. അതോടെ സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ സംവിധാനങ്ങളും താറുമാറായി.
വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയപ്പോഴേ ലക്ഷക്കണക്കിന് തീർഥാടകർ രജിസ്റ്റർ ചെയ്തുവെന്നത് വരാനിരിക്കുന്ന തിരക്കിന്റെ സൂചനയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിനും സർക്കാരിനും ഇതു തിരിച്ചറിയാനോ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനോ കഴിഞ്ഞില്ല.
തീർഥാടകർക്കുണ്ടായ വിവരണാതീതമായ ദുരിതമായിരുന്നു ഫലം. തിരക്കിൽപ്പെട്ട് പലർക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായി. പലരും കുഴഞ്ഞുവീണു. കുട്ടികൾ കൂട്ടംതെറ്റി. പ്രാഥമിക സൗകര്യങ്ങൾപോലും വേണ്ടത്ര കിട്ടാതെ തീർഥാടകർ വലഞ്ഞു.
തിങ്കളാഴ്ച മുതൽതന്നെ ഈ കാനനക്ഷേത്രത്തിലേക്ക് വലിയ ഭക്തജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നിലയ്ക്കലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. തിരക്കുമൂലം നടപ്പന്തലിൽനിന്ന് തീർഥാടകരെ പതിനെട്ടാംപടി വഴി കടത്തിവിടാൻ താമസമുണ്ടായി. എട്ടു മുതൽ പത്തു മണിക്കൂർ വരെയാണ് അയ്യപ്പന്മാർക്ക് കാത്തുനിൽക്കേണ്ടിവന്നത്.
മുന്നൊരുക്കങ്ങളുടെ അഭാവമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പുതുതായി ചുമതലയേറ്റ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സമ്മതിച്ചു. അതോടെ, വാചകക്കസർത്തിനപ്പുറം മുൻ ബോർഡ് കാര്യമായൊന്നും ചെയ്തില്ലെന്നും വ്യക്തമായി.
ശബരിമല എന്ന തീർഥാടനകേന്ദ്രത്തിന്റെ പ്രാധാന്യവും വർഷംതോറും അവിടെയെത്തുന്ന അയ്യപ്പഭക്തരുടെ തിരക്കും ഓരോ വർഷവും നേരിടുന്ന പ്രശ്നങ്ങളും ആർക്കും അറിയാത്തതല്ല. എന്നിട്ടും അവിടെയെത്തുന്ന ഭക്തർക്ക് നല്കുന്ന സേവനങ്ങളെല്ലാം തോന്നുംപടിയാണ്. ഒരു മാറ്റവുമില്ല. ആകെക്കൂടി ഓരോ വർഷവും പുതുതായി ഉണ്ടാകുന്നത് അമ്പരപ്പിക്കുന്ന അഴിമതിക്കഥകൾ മാത്രം!
വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും വഴിയാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും തിരക്കു നിയന്ത്രിക്കാൻ തീരുമാനിച്ചത്. വെർച്വൽ ക്യൂ വഴി ദിവസം 70,000 പേരും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേരും. പക്ഷേ, വിശ്വാസീമനസുകൾക്ക് അയ്യപ്പദർശനം മാത്രമാണ് ലക്ഷ്യം. അവർ ദർശനത്തിനായി ഒഴുകിയെത്തും.
അത് മുൻകൂട്ടി കാണേണ്ടത് ദേവസ്വം ബോർഡാണ്, സർക്കാരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റും ദീർഘയാത്ര ചെയ്ത്, പലവിധ കഷ്ടപ്പാടുകൾ സഹിച്ച്, മണിക്കൂറുകൾ വരിനിന്ന് അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരുന്ന അവസ്ഥ എത്ര ഹൃദയഭേദകമായിരിക്കും!
ശബരിമലയിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ വിശാലമായ കാഴ്ചപ്പാടാണു വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് വലിയൊരു ഭാഗം തീർഥാടകരെത്തുന്നത്. ശബരിമലയിൽ എത്തിച്ചേരാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കണം. അതിനു ചുറ്റുമുള്ള ചെറുപട്ടണങ്ങളുടെ അവസ്ഥ പരിഗണിക്കണം. കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുക്കണം.
അതിനനുസരിച്ച് ദീർഘകാലം നിലനില്ക്കുന്ന നല്ല റോഡുകളുണ്ടാകണം. ഭക്തർക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണം. പല ഭരണാധികാരികളും കരുതുന്നതുപോലെ, ഭണ്ഡാരം മാത്രം ലക്ഷ്യമിട്ടല്ല തീർഥാടകർ വരുന്നത്. അയ്യപ്പദർശനം അവരുടെ ജന്മസാഫല്യമാണ്. ആ വികാരംകൂടി അധികൃതർ കണക്കിലെടുക്കണം.
ശരിയാണ്, രാജ്യത്തെ തിരക്കേറിയ മറ്റു തീർഥാടനകേന്ദ്രങ്ങളെ അപേക്ഷിച്ച് ശബരിമലയ്ക്ക് ചില പരിമിതികളുണ്ട്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന തീർഥാടനകാലമല്ല ഇവിടെ. പരിമിതമായ സമയത്തിനുള്ളിൽ പരമാവധി പേർ എത്തുന്നു എന്ന സവിശേഷതയുണ്ട്. കൂടാതെ, ഇതൊരു കാനനക്ഷേത്രമാണ്. സംരക്ഷിത വനപ്രദേശത്താണ് നിലനിൽക്കുന്നത്.
അതുകൊണ്ടുതന്നെ സൗകര്യങ്ങളൊരുക്കുന്നതിന് ഭൂമി കണ്ടെത്താനും മറ്റും നിയമപരവും പ്രായോഗികവുമായ വിഷമങ്ങളുണ്ട്. പോരാത്തതിന്, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ കണക്കിലെടുക്കണം. എങ്കിലും, നിലവിലുള്ള പരിമിതികൾ അംഗീകരിച്ചുകൊണ്ട് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ബാധ്യതയും ഉത്തരവാദിത്വവും അധികാരികൾക്കുണ്ട്.
തീർഥാടനകേന്ദ്രങ്ങളിലെ അമിതമായ തിരക്കുമൂലം ഉണ്ടാകുന്ന ദുരന്തങ്ങളുടെ വാർത്തകളൊക്കെ താത്കാലിക പ്രതികരണം മാത്രമേ എല്ലാവരിലും ഉണ്ടാക്കുന്നുള്ളൂ എന്നതാണ് ദുഃഖകരവും ആശങ്കാജനകവുമായ കാര്യം.
സ്വർണപ്പാളി അഴിമതിക്കേസുമായി ബന്ധപ്പെട്ട് കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുകൾ, ദേവസ്വം ബോർഡിലെ ചുമതലാമാറ്റം… മുന്നൊരുക്കങ്ങളിലെ പാളിച്ചകൾക്ക് വിശദീകരണങ്ങൾ വന്നുതുടങ്ങി.
ഇത്രയധികം പേർ എത്തിച്ചേരുന്ന ഒരിടത്ത് ഒരുക്കേണ്ട സുരക്ഷയിൽ വന്ന വീഴ്ച വിശദീകരണങ്ങളിലും ഒഴികഴിവുകളിലും വ്യാഖ്യാനങ്ങളിലും മൂടിവയ്ക്കേണ്ട കാര്യമല്ല. തെറ്റുകൾ മനസിലാക്കി എത്രയും പെട്ടെന്ന് തിരുത്താൻ വേണ്ട നടപടികളാണാവശ്യം.
പാളിച്ചകളുണ്ടെന്ന് ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് തിരിച്ചറിഞ്ഞത് എന്തായാലും നല്ല കാര്യമാണ്. സ്ഥാനചലനം മനസിലാക്കി മുൻ ഭരണസമിതി കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ പ്രസിഡന്റിന്റെ തിരിച്ചറിവ്.
ദ്രുതകർമസേനയും ദേശീയ ദുരന്തനിവാരണ സേനയും എത്തിയില്ലെന്നത് കാര്യങ്ങൾ വഷളാക്കിയെന്നാണ് റിപ്പോർട്ട്. ഭക്തരെ പതിനെട്ടാംപടി കയറ്റിവിടാൻ നിയോഗിച്ച പോലീസുകാരുടെ പരിചയക്കുറവും തിരക്കു വർധിക്കാൻ കാരണമായെന്നു പറയുന്നു.
സംസ്ഥാന സർക്കാരിന്റെ അപേക്ഷ ചെല്ലുമ്പോഴേക്ക് ദേശീയ സേന ബിഹാർ ഇലക്ഷൻ ഡ്യൂട്ടിക്കു പോയെന്നാണ് വാർത്തകൾ. സേന ഇന്നെത്തുമെന്ന് അധികൃതരുടെ വിശദീകരണവും കണ്ടു. പഴിചാരലുകളും കുറ്റപ്പെടുത്തലും നിർത്തി സർക്കാർ, സർക്കാരിതര സംവിധാനങ്ങൾ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കേണ്ട സമയമാണിത്.
സീസൺ തുടങ്ങിയിട്ടേയുള്ളൂ. തിരക്ക് ഇനിയും കൂടും. വേണ്ടതു ചെയ്യാൻ ഒരു ദുരന്തത്തിനായി കാത്തിരിക്കേണ്ട കാര്യമില്ല.
