കാഷ്മീരിലെ മഞ്ഞുമലകൾക്കു കീഴിലെ അഗ്നിപർവതങ്ങൾ അണഞ്ഞിട്ടില്ല. ലഡാക്കിലെ യുവാക്കളുടെ കണ്ണുകളിലൂടെ അതു പുകയുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണനയുടെയും അംഗീകാരത്തിന്റെയും ലേപനങ്ങളുമായി അവിടെയെത്തണം. കേന്ദ്രഭരണപ്രദേശമെന്ന പദവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്നവരാണ് ഇപ്പോൾ സംസ്ഥാനപദവി ആവശ്യപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നത്. ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്. അക്രമാസക്തമല്ലെങ്കിൽ ജെൻ-സി സമരങ്ങളെ രോഗമായല്ല, വൃദ്ധരാഷ്ട്രീയത്തിനുള്ള മരുന്നായി കണ്ടാൽ മതി.
ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരക്കാരെ ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) എന്ന സംഘടനയുടെ യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ലഡാക്കിലെ പ്രധാന സമുദായങ്ങളായ ബുദ്ധ-മുസ്ലിം സംഘടനകൾ ഈ പ്രക്ഷോഭത്തിൽ ഒന്നിച്ചാണ്. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മുന്‍പും ചർച്ച നടന്നിരുന്നു. ഒക്ടോബർ ആറിന് ആഭ്യന്തര മന്ത്രാലയവും എൽഎബി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് (കെഡിഎ) എന്നിവയുടെ പ്രതിനിധികളും വീണ്ടും ചർച്ച നടത്താനിരിക്കേയാണു സംഘർഷം. നാലുപേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 22 പോലീസുകാർ ഉൾപ്പെടെ 59 പേർക്കു പരിക്കേറ്റു.
ജമ്മു കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ 2019 മുതൽതന്നെ സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തൊഴിലില്ലായ്മ ഉൾപ്പെടെ പല പ്രതിസന്ധികളും ഉടലെടുത്തതോടെയാണ് ആവശ്യം ശക്തമായത്. ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കുക, നിലവിലുള്ള ഒന്നിനു പകരം രണ്ട് ലോക്സഭാ സീറ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും വിഘടനവാദ പശ്ചാത്തലമോ ഭരണഘടനാവിരുദ്ധതയോ ആരോപിക്കാനുമാകില്ല. സംസ്ഥാനപദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ഒരുപോലെ നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഒന്നും കൊടുത്തിട്ടുമില്ല.
നിരാഹാരസമരത്തിലായിരുന്ന സമരനായകനും പരിസ്ഥിതി പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്കിന്റെ വാക്കുകളിൽ പ്രക്ഷോഭത്തിന്റെ കാരണം കേന്ദ്രസർക്കാരിന്റെ ഉദാസീനതയാണെന്ന സൂചനയുണ്ട്. “കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞങ്ങള്‍ സമാധാനപാതയിലായിരുന്നു. അഞ്ചുതവണ നിരാഹാരസമരം നടത്തി.
ലേയില്‍നിന്ന് ഡല്‍ഹിയിലേക്കു നടന്നു. പക്ഷേ, സമാധാനസന്ദേശങ്ങൾ പരാജയപ്പെടുന്നതാണു കണ്ടത്.” സംഘർഷം അക്രമാസക്തമായതോടെ സോനം സമരം പിൻവലിച്ചു. എന്നാൽ, സോനത്തിന്റെ പ്രകോപനപരമായ പ്രസംഗമാണു പ്രക്ഷോഭത്തിനു കാരണമെന്നാണ് കേന്ദസർക്കാരിന്റെ നിലപാട്. നേപ്പാളിലെ ജെന്‍-സി പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും ലഡാക്കിലെ സമരത്തെ താരതമ്യപ്പെടുത്തിയെന്ന് സർക്കാർ പറയുന്നു.
ജനങ്ങൾക്കിടയിൽ വർഷങ്ങളായി ഉരുത്തിരിയുന്ന അസംതൃപ്തി കണ്ടില്ലെന്നു നടിച്ചവർ ഒടുവിലതു സ്ഫോടനാത്മകമായപ്പോൾ തലേന്നത്തെ സംഭവങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതു യഥാർഥ കാരണങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്. വേണമെങ്കിൽ സമരക്കാരുടെ വിദേശബന്ധങ്ങളെയും ജെൻ-സി വിപ്ലവത്തെയുമൊക്കെ പഴിക്കാം.
ഡൽഹിക്കു തെറ്റു പറ്റിയിട്ടില്ലെന്നു സ്ഥാപിക്കാൻ അതു മതി. പക്ഷേ, പ്രശ്നം പരിഹരിക്കാൻ ലഡാക്കിലെ വിദ്യാർഥികളും യുവാക്കളും ബുദ്ധസന്യാസികളും ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടായിട്ടും സുപ്രീംകോടതി പറഞ്ഞിട്ടും സംസ്ഥാനപദവി നൽകാതെ കാഷ്മീരിനെ മഞ്ഞത്തു നിർത്തിയതുപോലെയാകരുത് കാര്യങ്ങൾ.