സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്ന ജനതയോട് ഭയാനകമായ ഇന്ത്യാവിഭജന സ്മരണയുണർത്തുന്ന ‘വിഭജനഭീതിദിനം’ ആചരിച്ചുകൊള്ളാൻ ആവശ്യപ്പെട്ടത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ്. സ്വാതന്ത്ര്യദിനത്തലേന്ന് ഒരു കരിങ്കൊടി ഉയർത്തുന്നതുപോലെയായി അത്. ഇന്ത്യാവിഭജനം ചരിത്രത്തിൽനിന്ന് കീറിക്കളയാനാകാത്ത കറുത്ത യാഥാർഥ്യമാണ്. ആവർത്തിക്കാതിരിക്കാനും മതവിദ്വേഷത്തെ ചെറുക്കാനും അതു പഠിക്കേണ്ടതുമാണ്. അതിനപ്പുറമുള്ള എഴുന്നള്ളിപ്പിന്റെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടും.
ഇരകളായ ഹിന്ദുക്കളും മുസ്ലിംകളും ഉൾപ്പെടെ സ്വബോധമുള്ള ആരും വിഭജനകാല ഹിംസയെ ന്യായീകരിക്കുന്നില്ലെന്നും ഓർക്കണം. വിഭജനദിനാചരണത്തിലല്ല, ഉള്ളടക്കത്തിൽ വിഭജനമുണ്ടോ എന്നതിലാണ് ആശങ്ക.ഓഗസ്റ്റ് 14ന് ‘വിഭജനഭീതിദിനം’ ആചരിക്കണമെന്ന സർക്കുലറാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വെെസ് ചാൻസലർമാർക്കു നൽകിയത്. എല്ലാ വെെസ് ചാൻസലർമാരും വിദ്യാർഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നായിരുന്നു നിർദേശം.
സർവകലാശാലകൾക്ക് വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാനും വിഭജനത്തിന്റെ ഭീകരത തുറന്നുകാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിർദേശമുണ്ട്. 2021ൽ ഈ ആശയവുമായെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കഴിഞ്ഞവർഷം യുജിസിയും സമാന നിർദേശം നൽകിയിരുന്നു. ഇതാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിച്ചത്.
ഇത് ഭിന്നിപ്പിനും ധ്രുവീകരണത്തിനുമുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടുകഴിഞ്ഞു. പ്രത്യേകിച്ച്, രാജ്യത്ത് ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും ആൾക്കൂട്ടങ്ങൾ അഴിഞ്ഞാടുന്പോൾ, വിഭജനകാല അതിക്രമങ്ങൾ ഏകപക്ഷീയമായിരുന്നില്ലെങ്കിലും, ഇന്നു വർഗീയ താത്പര്യങ്ങളുള്ളവർക്ക് അതിന്റെ സ്മരണയെ ഏകപക്ഷീയമായി ഉപയോഗിക്കാനാകും.
ഇതു ഭരണഘടനാവിരുദ്ധമാണെന്നും സംഘപരിവാറിന്റെ വിഭജനരാഷ്ട്രീയ അജണ്ടയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണവും ഗൗരവമുള്ളതാണ്. ഇനിയതല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യസമരത്തിലെ നെടുനായകത്വം അപ്രസക്തമാക്കാനുള്ള അപകർഷതാബോധമാണെങ്കിൽ അതു വിലകുറഞ്ഞ ഏർപ്പാടാണ്. അല്ലെങ്കിൽ നമുക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാം, വിഭജനദുരന്തം പഠിച്ചാൽ മതി.
ഇന്ത്യാ വിഭജനം ആവശ്യമായിരുന്നോ അല്ലയോ എന്നതിൽ ചർച്ചകളും തർക്കങ്ങളുമുണ്ട്. അതിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിൽനിന്നിറക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളും സജീവമാണ്. പക്ഷേ, 1947ൽ ബ്രിട്ടീഷുകാർ ഒരുക്കങ്ങളില്ലാതെ വിഭജനം പ്രഖ്യാപിച്ചതും പ്രത്യാഘാതങ്ങൾ അവഗണിച്ചതും, ലോകത്തിനു മാതൃകയായ അഹിംസാ സമരത്തിൽ പങ്കെടുത്തവരെ മണിക്കൂറുകൾക്കകം ഹിംസയിലേക്ക് എടുത്തെറിഞ്ഞതും തർക്കമില്ലാത്ത കാര്യമാണ്.
1947 ജൂലൈ 18ന് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ഇന്ത്യൻ സ്വാതന്ത്ര്യ നിയമപ്രകാരമായിരുന്നു ഇന്ത്യ-പാക് വിഭജനം. ഏകദേശം 1.5 കോടിയിലധികം ഹിന്ദുക്കളും സിഖുകാരും മുസ്ലിംകളും അതിർത്തി കടക്കാൻ പരക്കം പായുകയായിരുന്നു. ആയിരക്കണക്കിനു സ്ത്രീകൾ മാനഭംഗത്തിനിരയായി. വിഭജനസമയത്ത് മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ എണ്ണത്തിനൊന്നും കൃത്യമായ കണക്കില്ലെങ്കിലും രണ്ടു ലക്ഷം മുതൽ 20 ലക്ഷം വരെയായിരിക്കാമെന്നാണ് കണക്കാക്കുന്നത്.
ഇന്നും തൊട്ടാൽ ചോര പൊടിയുന്ന അതിർത്തിയില്ലാത്ത മുറിവാണത്. നാസികൾ നടത്തിയ വംശഹത്യയുടെ ഓർമ ആചരിക്കാം. കാരണം, അതിൽ ഇരയും വേട്ടക്കാരനുമുണ്ടായിരുന്നു. പക്ഷേ, ഇന്ത്യാ വിഭജനത്തിൽ ഇരുപക്ഷത്തും ഇരകളും വേട്ടക്കാരുമുണ്ട്. മതത്തിന്റെ പേരിൽ സഹപൗരന്മാർ ഏറ്റുമുട്ടിയത് ഇരുകൂട്ടരും ചേർന്ന് എങ്ങനെ ആചരിക്കും?
‘വിഭജനഭീതിദിന’മെന്ന വിശേഷണംപോലും ഭീതിപ്പെടുത്തുന്നതാണ്. വിഭജനത്തിന്റെ ദുരിതങ്ങൾ പേറിയ ഹിന്ദു-മുസ്ലിം സഹോദരങ്ങളുടെ അനന്തര തലമുറകൾ ഒന്നിച്ചു കഴിയുന്നതിനിടെ ഇതു വേണോ? രാജ്യം വിഭജിക്കപ്പെട്ടപ്പോള് ജീവന് നഷ്ടപ്പെട്ടവരെയും ജന്മദേശങ്ങളില്നിന്നു പിഴുതെറിയപ്പെട്ടവരെയും അനുസ്മരിക്കാനാണെങ്കിൽ നമുക്കതിനെ വിഭജന-ഭിന്നിപ്പിക്കൽ വിരുദ്ധദിനമായി ആചരിക്കാം.
പരസ്പരം ക്ഷമ ചോദിക്കാം; ക്ഷമിച്ചെന്നു പറയാം. മനസിലെ അതിർത്തികൾ മായ്ക്കാൻ കൈ കോർത്തുനിന്ന് ഐക്യപ്രതിജ്ഞയെടുക്കാം. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കാതെ, നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ രാഷ്ട്രനിർമിതിക്കായി ഉപയോഗിക്കാം. അതാണ് ദേശസ്നേഹം! ഭീതിദിനങ്ങൾ 1947ൽ കഴിഞ്ഞു. അതിന്റെ സ്മരണയിൽ ഇനി വേണ്ടത് ഐക്യദിനമാണ്.