കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചു വകുപ്പുതല നടപടികള്‍ക്കിരയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിച്ചു.
കണ്ണൂര്‍ സിറ്റി പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് എഎസ്ഐ മനോജ്കുമാറിനെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചത് 1958ലെ കേരള പോലീസ് ചട്ടപ്രകാരം. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട മനോജ്കുമാറിനെ അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം കുറ്റവിമുക്തനാക്കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.
2024 മേയില്‍ മനോജ്കുമാര്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. അതിനിടയില്‍, മനോജ്കുമാറിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്. മനോജ്കുമാറിന്റെ കോള്‍ ഡീറ്റെല്‍സ് റിക്കാഡ് (സിഡിആര്‍) അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
വാഹന ഉടമയുടെ ബന്ധുവായ ആരിഫ് എന്നയാളെ കൂട്ടിയാണ് പോലീസ് സംഘം രത്നഗരിയിലേക്കു പോയത്. ആരിഫ് മുഖാന്തിരം വിവരം ചോര്ന്നുവോയെന്നത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ഇക്കാര്യം പുനഃപരിശോധിക്കാനെന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, ഒരു അംഗം സര്‍വീസില്‍നിന്നു വിരമിച്ചതിനു ശേഷം കേരള പോലീസ് ചട്ടപ്രകാരം അയാൾക്കെതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കുന്നതിനു വ്യവസ്ഥ ഇല്ലെന്നതു പരിഗണിച്ചു സര്‍ക്കാര്‍ പിന്തിരിയുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി എസിപി, കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചിരുന്നു.2023ലുണ്ടായ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്, അന്വേഷണ സംഘങ്ങളല്ലാത്ത രണ്ടുപേര്‍ പ്രതിയെ കൊണ്ടുവരാന്‍ പോയ പോലീസ് സംഘവുമായി ബന്ധപ്പെട്ടിരുന്നവെന്ന എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പി. വിജയനെയും മനോജ്കുമാറിനെയും സസ്പെന്‍ഡു ചെയ്തത്.