കൊല്ലം: കുട്ടികള്‍ക്ക് ആനപ്പേടിയില്ലാതെ പഠിക്കാന്‍ എഐ സംവിധാനത്തിലൂടെ വഴിയൊരുങ്ങുന്നു. വനംവകുപ്പാണ് പുതിയ സുരക്ഷതന്ത്രവുമായി രംഗത്തുവരുന്നത്. മലയോരമേഖലകളില്‍ ആനപ്പേടിയില്‍ സ്കൂളില്‍ വരാത്ത കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ഒരു മാര്‍ഗവുമാണിത്. എഐ സുരക്ഷാവേലിയാണ് ഉടന്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത്.
തുടക്കത്തില്‍ മുള്ളരിങ്ങാട് എന്‍എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ആനപ്പേടിയില്ലാതെ പഠിക്കാനാണ് വഴിയൊരുക്കുന്നത്. കൊച്ചിന് ഷിപ്പിയാര്‍ഡ് ലിമിറ്റഡ്, വനംവകുപ്പുമായി സഹകരിച്ചു 40 ലക്ഷം രൂപയുടെ ആധുനിക എഐ സുരക്ഷാവേലിയാണ് ഇവിടെ നിര്‍മിക്കുക.
ഇതു പുറപ്പെടുവിക്കുന്ന ശബ്ദവും വെളിച്ചവും ആനയെ കാട്ടിലേുതന്നെ മടക്കി അയയ്ക്കും. കൂടാതെ ആനയുടെ സാന്നിധ്യം വനംവകുപ്പിനെ അറിയിക്കുവാനും ഈ വേലിയില്‍ സംവിധാനമുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് 400 മീറ്ററോളം എഐ അധിഷ്ഠിത ഹൈബ്രിഡ് വിന്യാസം നടത്തുന്നത്.
വനംമന്ത്രി എ. കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ കൊച്ചിന് ഷിപ്പിയാര്‍ഡ് ലിമിറ്റഡ് സിഎസ് ആര് അഡ്വൈസര്‍ പി.എന്‍. സമ്പത്ത് കോതമംഗലം ഡിഎഫ്ഒ ജോണ്മാത്യുവിന് പദ്ധതിയുടെ കരാര്‍ കൈമാറി.മുള്ളരിങ്ങാട് റെയ്ഞ്ചിന്റെ കീഴില്‍ വെള്ളക്കയം പൂവത്തും ഉന്നതി, വണ്ണപ്പുറം, പൈങ്ങോട്ടൂര്‍ തുടങ്ങിയ ജനവാസമേഖലകളിലെ വന്യജീവി ആക്രമണത്തിനു ശമനം വരുത്താന്‍ പദ്ധതി ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
മുള്ളരിങ്ങാട് എന്എല്പിസ്കൂളിന്റെ സമീപപ്രദേശങ്ങളിലെ നാലായിരത്തോളം വരുന്ന ജനങ്ങള്‍ക്കു പദ്ധതി പ്രയോജനം ചെയ്യും. ഈ പദ്ധതി വിജയിച്ചാല്‍ മലയോരമേഖലകളിലെ കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യും.