ലണ്ടൻ: ജനപ്രിയ എനർജി ഡ്രിങ്കുകളിൽ ചേർക്കുന്ന ടോറിൻ രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനം. ബ്രിട്ടീഷ് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണു ഗവേഷകരുടെ വെളിപ്പെടുത്തൽ.
എനർജി ഡ്രിങ്കുകളിലെ സാധാരണ ചേരുവയായ ടോറിൻ എന്ന അമിനോ ആസിഡ് മജ്ജയിലെ രക്താർബുദത്തിനു പ്രേരകഘടകമാകുമെന്നാണു കണ്ടെത്തൽ. മനുഷ്യശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതും മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമായ ടോറിൻ, മാനസിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനുമായി പല എനർജി ഡ്രിങ്കുകളിലും ചേർക്കുന്നു.
എന്നാൽ, എനർജി ഡ്രിങ്കുകളിലൂടെ ടോറിൻ അമിതമായി അകത്തുചെല്ലുന്നത് രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നാണു ഗവേഷകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണഫലങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകമെമ്പാടും വിറ്റഴിക്കുന്ന എനർജി ഡ്രിങ്ക് ഉൾപ്പെടെയുള്ള പാനീയങ്ങൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.