പാലാ: വാഹന ഉടമയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് ശിവഗംഗ ജില്ലയിൽ തിരുപ്പത്തൂര്‍ സൗന്ദരരാജനെ (38)യാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പുലിയന്നൂര്‍ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം നന്നാക്കാമെന്നു പറഞ്ഞ് രണ്ടര ലക്ഷത്തിലധികം രൂപയും 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എന്‍ജിനും കൈവശപ്പെടുത്തിയ കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
ജോമോന്റെ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം കേടായതിനെത്തുടര്‍ന്ന് ജോമോന് സുഹൃത്തുവഴി പരിചയപ്പെട്ട സൗന്ദരരാജനെ വാഹനം നന്നാക്കുന്നതിനായി ഏല്‍പ്പിക്കുകയും ഇയാള്‍ സ്ഥലത്തെത്തി വാഹനത്തിന്റെ എന്‍ജിനും അനുബന്ധ സാധനങ്ങളും അഴിച്ചുവയ്ക്കുകയും പ്രതിയുടെ ആവശ്യപ്രകാരം അഴിച്ചുവച്ച 15 ലക്ഷം രൂപ വിലവരുന്ന എന്ജിന് കൊറിയര്‍ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു.
സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയര്‍ ചാര്‍ജും മറ്റുമായി കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി പലപ്പോഴായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു.
എന്നാല്‍ പണവും വാഹനത്തിന്റെ എന്‍ജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകള്‍ തീര്ത്തുകൊടുക്കാതെയും ഇയാള്‍ വാഹനഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.