എരുമേലി: ഇനി എട്ട് ദിനരാത്രങ്ങൾ കഴിയുന്നതോടെ എരുമേലി അയ്യപ്പഭക്തരുടെ നാടാകും. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.ടൗണിലും പരിസരങ്ങളിലും നൂറുകണക്കിന് താത്കാലിക കടകളുടെ നിർമാണം പുരോഗമിക്കുകയാണ്. റോഡുകളിൽ വശങ്ങളിലെ കാട് തെളിക്കൽ തുടങ്ങി. ടാർ പൊളിഞ്ഞ റോഡിലെ ഭാഗങ്ങളിൽ കുഴിയടയ്ക്കൽ ജോലികൾ പൂർത്തിയാകാറായി.
എരുമേലിയിലേക്കുള്ള പ്രവേശന ഭാഗമായ കൊരട്ടി പാലത്തിൽ സ്വാഗത കമാനം മോടി പിടിപ്പിക്കാനുള്ള പെയിന്റിംഗ് ജോലികൾ ഉടനെ നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. റോഡുകളിൽ സ്ഥാപിക്കാനുള്ള സൈൻ ബോർഡുകൾ തയാറായിട്ടുണ്ട്. അടുത്ത ദിവസം ഇവ സ്ഥാപിച്ചു തുടങ്ങുമെന്ന് മരാമത്ത് അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
പോലീസ് കൺട്രോൾ റൂം വലിയമ്പലത്തിന് എതിർവശത്ത് തുറക്കുന്നതിന് നവീകരണ ജോലികൾ ആരംഭിച്ചു. റവന്യു കൺട്രോൾ റൂം പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തനം സ്റ്റാൻഡിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്റെ കെട്ടിടത്തിലെ രണ്ട് മുറികളിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൊരട്ടി പാലത്തിന് താഴെ ചെക്ക്ഡാമിൽ അടിഞ്ഞ തടികളും മുളങ്കമ്പുകളും നീക്കം ചെയ്ത് തടയണ ബലപ്പെടുത്തുമെന്ന് ഇറിഗേഷൻ വിഭാഗം അറിയിച്ചു.
ഓരുങ്കൽകടവിലും വലിയ തോട്ടിലെ കരിങ്കല്ലുമ്മുഴിയിലും വെള്ളം കുറയുന്നതിന് മുമ്പ് താത്കാലിക തടയണകൾ നിർമിക്കും.എരുമേലി വഴി ശബരിമലയ്ക്കുള്ള കോയിക്കക്കാവിൽ നിന്നാരംഭിക്കുന്ന കാനനപാത തെളിക്കുന്നതിനുള്ള കാടുവെട്ടൽ ജോലികൾ തുടങ്ങിയെന്ന് വനംവകുപ്പ് അറിയിച്ചു.

