ചമ്പക്കുളം: നെൽകൃഷിക്ക് നല്കിവന്നിരുന്ന വളം സബ്സിഡി നൽകുന്നതിൽ വരുത്തിയ മാറ്റം കർഷകർക്ക് ഇരുട്ടടിയാകുന്നു. വളം സബ്സിഡി പ്രൊഡക്ഷൻ ബോണസ് എന്നു പേരുമാറ്റി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനമാണ് നിലവിൽ. രണ്ടു മൂന്നു വർഷമായി ലഭ്യമല്ലാതിരുന്ന പ്രൊഡക്ഷൻ ബോണസ് ഏക്കറിന് 400 രൂപ നിരക്കിൽ കഴിഞ്ഞ പുഞ്ചകൃഷിക്ക് ലഭിച്ചിരുന്നു.
എന്നാൽ, രണ്ടാം കൃഷിയുടേത് ഇതുവരെ ലഭിച്ചിട്ടില്ല. നേരത്ത സബ്സിഡി നിരക്കിൽ കർഷകർക്ക് നേരിട്ട് വളം നൽകുകയായിരുന്നു പതിവ്. അതു നിർത്തിയിട്ടാണ് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്ന സംവിധാനം വന്നത്. അതിന്റെയും നിരക്ക് വളരെ കുറച്ചിരിക്കുകയാണ്. സബ്സിഡി യഥാസമയം ലഭിക്കാത്തതിനാൽ കൃഷിച്ചെലവ് വർധിക്കുകയാണ്. വളത്തിന്റെ വില വർധനവും കർഷകന് താങ്ങാവുന്നതിലും അപ്പുറമാണ്.
ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് എന്നിവയാണ് കുട്ടനാട്ടിൽ നെൽകൃഷിക്കുപയോഗിക്കുന്ന പ്രധാന വളങ്ങൾ. ഇവയിൽ യൂറിയയുടെ വിലയിൽ മാത്രം വലിയ മാറ്റം വന്നിട്ടില്ല. 45 കിലോ യൂറിയ 266 രൂപയ്ക്കാണ് നൽകേണ്ടതെങ്കിലും 330 രൂപയാണ് കർഷകർ നൽകേണ്ടിവരിക. 50 കിലോയുടെ ഫാക്ടംഫോസിന് 1435 രൂപ നൽകണം. ഇതിന്റെ വിലയിൽ ഇരുനൂറ് രൂപയിലധികം വർധന.
സമീപകാലത്തായി വന്നത്. പൊട്ടാഷിന്റെ വിലയിലാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. 50 കിലോയുടെ ഒരു ചാക്കിന് 1850 രൂപയാണ് നൽകേണ്ടത്. 400 ലധികം രൂപയുടെ വർധനയാണ് അടുത്തിടയായി ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരേക്കർ നെൽപ്പാടത്ത് ഒരു തവണ വളപ്രയോഗം നടത്തണമെങ്കിൽ തൊഴിലാളികളുടെ കൂലി ഉൾപ്പടെ 5000 രൂപയിലധികം ചെലവാകും. ഒരു കൃഷിക്ക് 12,000 മുതൽ 14,000 വരെ രൂപ വളപ്രയോഗത്തിനായി ഒരു കർഷകൻ ചെലവാക്കുന്പോഴാണ് 400 രൂപ ബോണസായി സർക്കാർ നൽകുന്നത്.
വളം സബ്സിഡിയുണ്ടായിരുന്ന കാലത്ത് കർഷകർക്ക് രാസവളം വില വർധനയുടെ മുഴുവൻ ഭാരവും പേറേണ്ടിവന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ അനുദിനം കൂടിവരുന്ന കൃഷിച്ചെലവുകളോടൊപ്പം യാതൊരു മാനദണ്ഡവുമില്ലാതെ രാസവളങ്ങളുടെ വില വർധിക്കുന്നത് കർഷകർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. സബ്സിഡി നിരക്കിൽ വളം എത്തിച്ചു നല്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

