ഒരു ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് അതിനെക്കുറിച്ച് നന്നായി പഠിക്കുക എന്നത് പ്രധാനമാണ്. ബിസിനസ് ചെയ്യാന് ഉദേശിക്കുന്ന മേഖലയെക്കുറിച്ച് ശരിയായി ധാരണയില്ലെങ്കില് പരാജയമാകും ഫലം.
ഇപ്പോഴിതാ സ്വന്തമായി തുടങ്ങുന്ന ബിസിനസ് പഠിക്കാൻ ഫുഡ് ഡെലിവറി റൈഡറായി ജോലി ചെയ്യുന്നതിനായി പ്രതിവര്ഷം 25 ലക്ഷം രൂപ ശമ്പളമുള്ള കോര്പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് സോഷ്യല് മീഡിയയില് ട്രെന്ഡിംഗ് ആയിരിക്കുന്നത്.
യുവാവിന്റെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്സില് പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. യുവാവിന്റെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ ഉള്പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്നാല് തന്റെ സുഹൃത്തിന് വലുതും വ്യക്തവുമായ പദ്ധതിയുണ്ടായിരുന്നുവെന്നു യുവാവ് പറഞ്ഞു.
ആറ് മാസത്തെ സമ്പാദ്യം ഉപയോഗിച്ച് ഒരു ക്ലൗഡ് കിച്ചണ് ആരംഭിക്കാന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്, പണം മുടക്കുന്നതിന് മുമ്പ് തന്റെ നാട്ടിലുള്ളവര്ക്ക് എന്താണ് കഴിക്കാന് ഇഷ്ടമെന്ന് മനസിലാക്കാന് യുവാവ് തീരുമാനിച്ചു.
ഇതിനായി ഓണ്ലൈനില് ഭക്ഷണവിതരണ കമ്പനികളില് ഏതാനും ആഴ്ച ഡെലിവറി റൈഡറായി ജോലി ചെയ്യാന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ ആളുകള്ക്ക് താത്പര്യമുള്ള 12 തരം ഭക്ഷണസാധനങ്ങള് തിരിച്ചറിയാന് കഴിഞ്ഞു.
എക്സില് പങ്കുവച്ച പോസ്റ്റിന് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. യഥാര്ഥത്തിലുള്ള വിപണി തിരിച്ചറിയുന്നതിന് ഗവേഷണം നടത്തിയതിന് പലരും അദ്ദേഹത്തെ പ്രശംസിച്ചു.

