കൊച്ചി: സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു. 25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വെഞ്ഞാറ്, പൂവാര്‍ എന്നിവിടങ്ങളില്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
11 ഫയര്‍ സ്റ്റേഷനുകളുള്ള കൊല്ലം ജില്ലയില്‍ കൊല്ലം, ചാമക്കട, കരുനാഗപ്പള്ളി, കടയ്ക്കല്‍, കുണ്ടറ, പുനലൂര്‍ എന്നിവ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശാസ്താംകോട്ട, പരവൂര്‍, പത്തനാപുരം ഫയര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ് നടക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആറു ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ മൂന്നെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ എട്ട് ഫയര്‍ സ്റ്റേഷനുകളുള്ളതില്‍ ആറെണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല, ആലപ്പുഴ, തകഴി, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വന്തം കെട്ടിടം ഉളളത്. അരൂരും ഹരിപ്പാടുമാണ് വാടകക്കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ഫയര്‍ സ്റ്റേഷനുകളുള്ള കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, പാമ്പാടി, വൈക്കം എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടമുണ്ട്. കാഞ്ഞിരപ്പള്ളിയിലെയും കടുത്തുരുത്തിയിലെയും ഫയര്‍ സ്റ്റേഷനുകള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇടുക്കി ജില്ലയില്‍ എട്ടു ഫയര്‍ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇടുക്കിയിലും പീരുമേടുമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ്. അടിമാലി, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നീ നിലയങ്ങളില്‍ വാടക ക്രമീകരിച്ചിട്ടില്ല. 18 ഫയര്‍ സ്റ്റേഷനുകളാണ് എറണാകുളം ജില്ലയില്‍ ഉള്ളത്.
ഇവിടെ 16 നിലയങ്ങള്‍ സ്വന്തം കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ഗാന്ധിനഗര്‍, ക്ലബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഏലൂര്‍, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, പിറവം, കല്ലൂര്‍ക്കാട്, വൈപ്പിന്‍, മുളന്തുരുത്തി, പട്ടിമറ്റം എന്നിവിടങ്ങളിലെ നിലയങ്ങളുടെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തില്‍ തന്നെയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ മാത്രമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പത്തു ഫയര്‍ സ്റ്റേഷനുകളുള്ള തൃശൂരില്‍ എട്ടെണ്ണത്തിനും സ്വന്തം കെട്ടിടമുണ്ട്.തൃശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, നാട്ടിക, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, മാള, പുതുക്കാട് എന്നിവിടങ്ങളിലാണ് അവ. ചാലക്കുടിയിലും ഗുരുവായൂരിലുമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പത്തു ഫയര്‍ സ്റ്റേഷനുകളുള്ള പാലക്കാട് ജില്ലയില്‍ പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, കഞ്ചിക്കോട്, ആലത്തൂര്‍, കോങ്ങാട്, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വടക്കഞ്ചേരി, പട്ടാമ്പി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ്.
എട്ട് ഫയര്‍ സ്റ്റേഷനുകളുളള മലപ്പുറത്ത് തിരൂര്‍, മലപ്പുറം, പൊന്നാനി പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടമുണ്ട്. താനൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പത് ഫയര്‍ സ്റ്റേഷനുകളുള്ള കോഴിക്കോട് ജില്ലയില്‍ നാലെണ്ണം സ്വന്തം കെട്ടിടത്തിലാണ്. നരിക്കുനി ഫയര്‍ ആൻഡ് റെസ്ക്യു സ്റ്റേഷന് മാത്രമാണ് വാടകക്കെട്ടിടത്തിലുള്ളത്.
അഞ്ച് ഫയര്‍ സ്റ്റേഷനുകളുള്ള കാസര്‍ഗോഡ് ജില്ലയില്‍ നാലെണ്ണവും സ്വന്തം കെട്ടിടത്തിലും വയനാട്ടില്‍ മൂന്ന് ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ രണ്ടെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പത്ത് ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം കെട്ടിടത്തിലും മൂന്നെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തനം നടത്തുന്നത്.