ഗാസ: ഗാസ നഗരം പിടിച്ചെടുക്കാൻ ശക്തമായ കരയാക്രമണം നടത്തി ഇസ്രയേല്‍ സേന. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ജീവന് രക്ഷിക്കാന്‍ ജനങ്ങൾ പലായനം തുടരുകയാണ്. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിലുള്ള 3,000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം.
എന്നാൽ ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനപൂർവം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിന്റെ തെളിവായി ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രയേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു.
അതേസമയം യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗാസയിലെ ജനതയ്ക്കുനേരേയല്ല, ഹമാസിനെതിരേയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രയേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രയേൽ പറയുന്നു.