കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി. ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി. ഒരു പവന് സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് റിക്കാര്‍ഡ് വില.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 9,525 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7,420 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 4,775 രൂപയാണ് നിലവിലെ വിപണി വില.
ഒക്ടോബര്‍ 17ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് കുതിച്ചെത്തിയതിനു ശേഷം 3,885 ഡോളര്‍ വരെ കുറഞ്ഞതിനു വീണ്ടും കുതിപ്പ് തുടങ്ങിയിട്ടുണ്ട്.
റിക്കാര്‍ഡ് വില വര്‍ധനയ്ക്കു ശേഷം ഏകദേശം പത്ത് ശതമാനത്തിലധികം തിരുത്തല്‍ വന്നു. നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,146 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.69 ആണ്.
സ്വര്‍ണവില ഇക്കഴിഞ്ഞ 15 വര്‍ഷത്തെ വില നിലവാരങ്ങള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തോടെ വില കുറയുകയും, അതിനുശേഷം നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഏകദേശം 10 – 20 ശതമാനം വരെ ഉയരുന്ന കാഴ്ചയുമാണ് കണ്ടുവരുന്നത്.
- സീമ മോഹന്‍ലാല്‍
സ്വര്‍ണവില കുറഞ്ഞു വന്നപ്പോള്‍ വ്യാപാരത്തോത് ഉയര്‍ന്നതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.

