കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുണ്ടാകാം. എന്നാല്‍ കാക്ക സ്വര്‍ണാഭരണം കൊണ്ടുപോയത് നമ്മളാരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള ഈ പൊന്നും വിലക്കാലത്ത് തിരികെ ലഭിച്ചത്.
മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ചെറുപള്ളി സ്വദേശി ചെറുപാലക്കൽ അൻവർ സാദത്തിനാണ് സ്വർണവള ലഭിച്ചത്. തെങ്ങുകയറ്റക്കാരനായ അൻവർ സാദത്ത് മാങ്ങ പറിക്കാനായി മരത്തിൽ കയറിയപ്പോഴാണ് കാക്കക്കൂ ട്ടിൽ നിന്ന് സ്വർണ വള ലഭിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ച വളയുടെ ഉടമയെ കണ്ടെത്താനായി ഇദ്ദേഹം പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഒടുവിൽ തൃക്കലങ്ങോട് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. വായനശാല സെക്രട്ടറി ഇ.വി. ബാബുരാജ് വിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി. വായനശാലയിലെത്തിയ ഒരു വ്യക്തിയാണ് വിവരം വളയുടെ ഉടമസ്ഥരായ വെടിയംകുന്ന് സുരേഷ്-രുഗ്മിണി ദന്പതിമാരെ അറിയിച്ചത്.
മൂന്ന് വർഷം മുന്‍പ് കുഞ്ഞിനെ കുളിപ്പിക്കാനായി വള ഊരി മുറ്റത്ത് വച്ചതായിരുന്നു. ഇതിനിടെ വള, കാക്ക കൊത്തിക്കൊണ്ടുപോയതോടെ നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടുകിട്ടിയില്ല. പെരിന്തൽമണ്ണയിലെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ 12.26 ഗ്രാം തൂക്കം വരുന്ന സ്വർണവള തൂക്കി നോക്കിയതിൽ 12.10 ഗ്രാമായി കുറഞ്ഞിട്ടുണ്ട്. ദന്പതിമാർ വളയുടെ ബില്ലും ഫോട്ടോയും കാണിച്ചതോടെ അൻവർ വായനശാല ഭാരവാഹികളുടെ സാന്നിധ്യത്തിൽ തിരിച്ചു നൽകുകയായിരുന്നു.