ന്യൂഡൽഹി: കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ ആപ്പായ “സഞ്ചാർ സാഥി ആപ്പ്’ നിർബന്ധിതമല്ലെന്നും ആപ്പ് ആവശ്യമില്ലാത്തവർക്ക് ഫോണുകളിൽനിന്ന് നീക്കം ചെയ്യാമെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ഫോണുകളിൽ ആപ്പ് പ്രീലോഡ് ചെയ്യാൻ സ്മാർട്ട് ഫോണ് നിർമാതാക്കൾക്ക് കേന്ദ്രം നിർദേശം നൽകിയത് രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്രത്തിന്റെ നീക്കം സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുംമേലുള്ള കടന്നുകയറ്റമാണെന്നും ഏകാധിപത്യ പ്രവണതയാണെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.
ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്തണമെന്നു കേന്ദ്ര ടെലികോം മന്ത്രാലയം ഫോണ് നിർമാതാക്കൾക്ക് രഹസ്യമായി നല്കിയ ഉത്തരവ് കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തിലൂടെ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് നീക്കം ചെയ്യരുതെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോണ്ഗ്രസ് എംപി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. കേന്ദ്രം രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണെന്നായിരുന്നു കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ഇത്തരമൊരു ആപ്പ് നിർബന്ധിതമാക്കുന്നത് ജനാധിപത്യത്തെ കുഴപ്പത്തിലാക്കുന്നുവെന്ന് കോണ്ഗ്രസ് എംപി ശശി തരൂർ പറഞ്ഞു. തീരുമാനത്തിനു പിന്നിലെ ആശയത്തിൽ ചർച്ച വേണമെന്നും തരൂർ കൂട്ടിച്ചേർത്തു. ഏകാധിപത്യമെന്നു പേരെടുത്തു വിളിക്കാതെയുള്ള ഏകാധിപത്യമാണിതെന്നായിരുന്നു ശിവസേന (ഉദ്ധവ്) നേതാവ് ആദിത്യ താക്കറെയുടെ പ്രതികരണം. “ബിഗ് ബോസ്’ മാതൃകയിലുള്ള നിരീക്ഷണ സംവിധാനമാണിതെന്ന് ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി നീക്കത്തെ പരിഹസിച്ചു.
സ്വന്തം ലേഖകൻ

