കോട്ടയം: ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തില്‍ വന്നതോടെ രോഗികള്‍ക്ക് ആശ്വാസം. ജീവന് രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മെഡിക്കല്‍ സംബന്ധമായ ഉത്പന്നങ്ങള്‍ക്കും വില കുറയും. ഇതോടെ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവുവരും. പ്രമേഹമരുന്നുകള്‍, ഹിമോഫീലിയ മരുന്നുകള്‍, ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കു വില കുറയുന്നത് രോഗികള്‍ക്കു വലിയ ആശ്വാസമാകും.
മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായിട്ടാണ് കുറച്ചത്. മെഡിക്കല്‍ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി. കാന്‍സര്‍ രോഗത്തിനുള്ള 33 മരുന്നുകളുടെയും പരിശോധന കിറ്റുകളുടെയും ജിഎസ്ടി എടുത്തുകളഞ്ഞതും രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. ആയുര്‍വേദ, യുനാനി, ഹോമിയോമരുന്നുകള്ക്കു പുറമെ വെറ്ററിനറി മരുന്നുകളുടെയും നികുതി അഞ്ചു ശതമാനമായി കുറയും. പക്ഷിമൃഗപരിപാലകര്ക്ക് ഇത് വലിയ ആശ്വാസമായി.
മുമ്പ് വെറ്റിറിനറി മരുന്നുകള്‍ക്ക് വലിയ വിലയായിരുന്നു. തെര്‍മോ മീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ രോഗനിര്‍ണയ ഉപകരണ വിലയിലും കുറവു വരും. രോഗനിര്‍ണയ കിറ്റുകള്‍, അനെസ്തെറ്റിക്സ് മരുന്നുകള്‍, അയഡിന്‍ മരുന്നുകള്‍, ഗ്രേഡ് ഓക്സിജന്‍, ഗോസ്, ബാന്‍ഡേജ്, പ്ലാസ്റ്റര്‍, സര്‍ജിക്കല്‍ ഗ്ലൗസ്, ബേബി നാപ്കിന്, കണ്ണടകള്‍, കോണ്ടാക്ട് ലെന്‍സ്, ശ്വസന ഉപകരണങ്ങള്‍, എകസ്റേ ഉപകരണങ്ങള്‍, മെഡിക്കല്‍, വെറ്ററിനറി, ഡെന്റല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കും വില കുറയും. കരളിലെ കാന്‍സറിനുള്ള അലക്റ്റിനിബ് ഗുളികയ്ക്ക് 14,471 രൂപ കുറഞ്ഞ് 1.06 ലക്ഷം രൂപയ്ക്കു ലഭിക്കും.
മുന്‍പ് 1.20 ലക്ഷം രൂപയായിരുന്നു വില. ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മെപോളിസുമാബ് ഇന്ജക്ഷന് 79,853 രൂപയെന്നത് 70,000 രൂപയിലെത്തി. ഹിമോഫീലിയ രോഗികള്‍ക്കുള്ള എമിസിസുമാബ് ഇന്ജക്ഷന്, സ്പൈനല്‍ മസ്കൂലര്‍ അട്രോഫി രോഗികള്‍ക്കുള്ള റിസ്ഡിപ്ലാം പൗഡര്‍ എന്നിവയുടെ വിലയും കുറയും. ജിഎസ്ടി പരിഷ്കാരം നിലവില്‍ വന്നതോടെ ജില്ലയിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും പുതിയ ജിഎസ്ടി നിരക്ക് ഉള്‍പ്പെടുത്തി സോഫ്റ്റ് വെയര്‍ അപ് ലോഡ് ചെയ്യാന്‍ ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനു വിരുദ്ധമായി മരുന്നു വിൽപ്പന നടത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിജിലന്സുമായി ചേര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഇന്നു മുതല്‍ പരിശോധന നടത്തും. മരുന്നു വാങ്ങാനെത്തുന്ന ഉപയോക്താക്കള്‍ക്ക് മരുന്നുകളുടെ കവറില്‍ പുതുക്കിയ എംആര്‍പി കാണാന്‍ ഉടന്‍ സാധിക്കില്ല. യഥാര്‍ഥ വിലയറിയാന്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് നല്കിയ പട്ടികയുമായി ഒത്തു നോക്കേണ്ടിവരും.
- ജിബിന്‍ കുര്യന്