വത്തിക്കാൻ സിറ്റി: തിരുക്കർമ്മങ്ങൾക്കുശേഷം ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. സെലൻസ്കിയുടെ ഭാര്യ ഓലേന സെലൻസ്കിയും ഒപ്പമുണ്ടായിരുന്നു.
സമാധാനചർച്ചകളുടെ പുരോഗതിയും നിലവിലെ സാഹചര്യവും ചോദിച്ചറിഞ്ഞ മാർപാപ്പ, ശാശ്വത സമാധാനത്തിനായി തന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമെന്നും യുദ്ധദുരിതം അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കൊപ്പമാണു തന്റെ മനസെന്നും സെലൻസ്കിയോടു പറഞ്ഞു.
തിരുക്കർമങ്ങൾക്കുശേഷം ത്രികാല ജപ പ്രാർഥനാവേളയിൽ നൽകിയ വചനസന്ദേശത്തിൽ, റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നെക്കുറിച്ച് മാർപാപ്പ സൂചിപ്പിച്ചിരുന്നു. യുക്രെയ്നിൽ തുടരുന്ന യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ, രക്തസാക്ഷിയായ യുക്രെയ്ൻ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യം നൽകിയ സന്ദേശത്തിലും ലെയോ മാർപാപ്പ യുക്രെയ്നിൽ സമാധാനത്തിനായി അഭ്യർഥിക്കുകയും യുദ്ധദുരിതം പേറുന്ന ആ രാജ്യത്തെ ജനത്തോടൊപ്പമാണു തന്റെ മനസും ഹൃദയവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ ആദ്യമായി ഫോണിൽ സംസാരിച്ച വിദേശ നേതാവ് സെലൻസ്കിയായിരുന്നു. രണ്ടു ദിവസം മുന്പ് സെലൻസ്കിയെ ഫോണിൽ വിളിച്ച മാർപാപ്പ സ്ഥിതിഗതികൾ വിലയിരുത്തുകയുണ്ടായി. സംഭാഷണമധ്യേ മാർപാപ്പയെ സെലൻസ്കി യുക്രെയ്നിലേക്കു ക്ഷണിക്കുകയും സന്ദർശനം രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമേകുമെന്നും പറഞ്ഞിരുന്നു.
താൻ സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യങ്ങളിലൊന്ന് യുക്രെയ്ൻ ആയിരിക്കുമെന്ന് ലോകമെങ്ങുംനിന്നുള്ള മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവെ ലെയോ മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.