നടൻ വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടി സായി ധൻസിക. നടനുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആണെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും ധൻസിക പറഞ്ഞു.
ധൻസിക നായികയായി എത്തുന്ന ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘ഈ വേദി ഇങ്ങനെയൊരു പ്രഖ്യാപനത്തിന് ഇടവരുത്തുമെന്ന് സത്യമായും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു. 15 വർഷത്തെ എന്റെ സുഹൃത്താണ് വിശാൽ. ഇനിയിപ്പോൾ ഒളിക്കാൻ ഒന്നുമില്ല, നടികര് സംഘം കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാനാണ് വിശാൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് ഞങ്ങളുടെ വിവാഹം. 15 വർഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. എനിക്കുവേണ്ടി അദ്ദേഹം ശബ്ദം ഉയർത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളും ഞാൻ വളരെ അധികം ബഹുമാനത്തോടെ കാണുന്നു. എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലും, യാതൊന്നും പറയാതെതന്നെ കയറിവന്ന് പിന്തുണയായി നിന്ന ആളാണ്. എന്റെ വീട്ടിൽ ഒരു നായകൻപോലും വന്നിട്ടില്ല. ഒരു പ്രശ്നം നടന്നപ്പോൾ അദ്ദേഹം എന്റെ വീട്ടില് വന്നു.
അതൊക്കെ എന്റെ മനസി ൽ തട്ടിയ നിമിഷങ്ങളായിരുന്നു. അടുത്തിടെയാണ് സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്കെത്തുന്നത്. ഞങ്ങൾക്കു രണ്ടുപേർക്കും അതു സംഭവിച്ചു. ഇതു വിവാഹത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു. ഒരു വിഷയം പറയാം, അദ്ദേഹത്തെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തമാണ്. നല്ലൊരു മനുഷ്യനാണ് വിശാൽ. എന്റെ കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർക്കും ഒരുപാട് സന്തോഷം’- ധൻസിക വ്യക്തമാക്കി.