മലപ്പുറം: കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.
നാട്ടുകാർ വിവരമറിയിച്ചതിന് അനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവർ സ്ഥലത്തെത്തിയശേഷമേ കൂട്ടിൽ കുടുങ്ങിയത് ആളെക്കൊല്ലി കടുവ തന്നെയാണോ എന്ന് സ്ഥിരീകരിക്കൂ.
മെയ് 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്.
ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
