സനാ: യെമൻ തീരത്ത് 154 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു.74 പേരെ കാണാതായി. ഇതുവരെ 10 പേരെ മാത്രമേ രക്ഷപ്പെടുത്തിയിട്ടുള്ളൂ. അവരിൽ ഒമ്പത് പേർ എത്യോപ്യൻ പൗരന്മാരും ഒരു യെമൻ പൗരനുമാണ്. നിരവധിപേരെ കാണാതായി.
രക്ഷാപ്രവർത്തനം തുടരുന്നു- പ്രവിശ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താഏജൻസിയോടു പറഞ്ഞു. യെമൻതീരത്തെ ഈ കടൽപ്പാതയുടെ അപകടസാധ്യതയെക്കുറിച്ച് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
എത്യോപ്യയിൽ നിന്നും സൊമാലിയയിൽ നിന്നുമുള്ള കുടിയേറ്റക്കാർ, ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലോ എത്തുമെന്ന പ്രതീക്ഷയോടെ പതിവായി അപകടകരമായ ഈ വഴി കടക്കാൻ ശ്രമിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ മിക്സഡ് മൈഗ്രേഷൻ റൂട്ടുകളിൽ ഒന്നാണിത്. 2024 ൽ 60,000 ൽ അധികം കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി യെമനിലേക്കു കടന്നതായി ഏജൻസി പറഞ്ഞു.
ഏജൻസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം ഈ റൂട്ടിൽ 558 പേർ മരിച്ചു, കഴിഞ്ഞ ദശകത്തിൽ, കുറഞ്ഞത് 2,082 കുടിയേറ്റക്കാരെ കാണാതായിട്ടുണ്ട്. ഇതിൽ 693 പേർ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള ദുർബലമായ സുരക്ഷാ സാഹചര്യത്തിലും യെമൻ ഇപ്പോഴും കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യമാണ്.