തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നായികമാരിൽ ഒരാളാണ് പ്രിയാമണി. ആദ്യ ചിത്രത്തിലൂടെത്തന്നെ (പരുത്തിവീരൻ) ദേശീയ അവാർഡ് സ്വന്തമാക്കിയ അവർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. കരിയറിൽ ഒരു ഘട്ടമെത്തിയപ്പോൾ നായികാ വേഷങ്ങളിൽ നിന്ന് മാറി പ്രിയാമണി സഹനടിയായും ഐറ്റം ഡാൻസറായുമൊക്കെ തിളങ്ങിയത് നാം കണ്ടതാണ്. എന്നാൽ കുറച്ചുകാലമായി പ്രിയാമണിയുടെ വ്യക്തി ജീവിതത്തിലാണ് പപ്പരാസികളുടെ കണ്ണ്.
സോഷ്യൽ മീഡിയയിലും അഭിനയ ജീവിതത്തിലും തിരക്കിലാണെങ്കിലും വ്യക്തി ജീവിതം, പ്രത്യേകിച്ച് ദാമ്പത്യ വിശേഷങ്ങൾ അധികം പങ്കുവയ്ക്കാത്ത താരമാണ് പ്രിയാമണി. അതുകൊണ്ടു തന്നെ പ്രിയാമണിയുടെ വിവാഹ ജീവിതത്തിൽ വിള്ളൽ വീണെന്നും ഭർത്താവ് മുസ്തഫയുമായി വേർപിരിഞ്ഞുവെന്നുമൊക്കെ കിംവദന്തികൾ സോഷ്യൽ മീഡിയയിൽ കുറച്ചുദിവസാമയി ശക്തമായിരുന്നു. പലപ്പോഴും ഇതു സംബന്ധിച്ച് ഈ ചോദ്യങ്ങൾ പ്രിയാമണിയെ അലോസരപ്പെടുത്തിയിരുന്നു. മിക്കപ്പോഴും മറുപടി പറയാതെ ഇത്തരം പ്രചാരണങ്ങളോട് മുഖം തിരിക്കുകയാണ് പ്രിയ ചെയ്യാറുള്ളത്.
എന്നാൽ ഇപ്പോഴിതാ ഈ പ്രചാരണങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഭർത്താവുമൊത്തുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് താരം വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചത്.ഭർത്താവ് മുസ്തഫയ്ക്ക് ഒപ്പമുള്ള അധികം ചിത്രങ്ങൾ പ്രിയാമണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതോടെയാണ് പല കോണുകളിൽനിന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർന്നത്.
എന്നാൽ ഇതിനെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഉദാത്ത പ്രണയത്തിന്റെ സ്മാരകമായി ലോകം കണക്കാക്കുന്ന താജ്മഹലിനു മുന്നിൽനിന്നു പ്രിയാമണിയും ഭർത്താവും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.മനോഹരമായി എടുത്തിരിക്കുന്ന ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ താജ്മഹൽ തലയുയർത്തി നിൽക്കുന്നതു കാണാം. അതിലൊന്നിൽ ഭർത്താവ് മുസ്തഫ പ്രിയാമണിയുടെ നെറുകയിൽ ചുംബിക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അകൽച്ചയിൽ ആണെന്നുമൊക്കെയുള്ള പ്രചാരണങ്ങൾ തകർന്നുവീഴുകയാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ പെട്ടെന്ന ുതന്നെ വൈറലുമായി.2017ലാണ് പ്രിയാമണിയും ഇവന്റ് മാനേജരായ മുസ്തഫ രാജും വിവാഹിതരായത്. ഐപിഎല്‍ ടൂര്‍ണമെന്റിനിടെയായിരുന്നു ഇരുവരും അടുപ്പത്തിലായത്. പിന്നീട് വിവാഹത്തിലേക്ക് ഈ ബന്ധം എത്തുകയായിരുന്നു. നേരത്തേ അഭിമുഖങ്ങളിലും മറ്റും മുസ്തഫയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷം സിനിമയിൽ അഭിനയിക്കാൻ നൽകിയ പിന്തുണയെക്കുറിച്ചുമൊക്കെ പ്രിയാമണി വാചാലയായിരുന്നു. സിനിമയിൽ ഇപ്പോഴും സജീവമാണ് പ്രിയാമണി.