രണ്ടു ജഡ്ജിമാർ കൊച്ചിയിലെ നിയമവിദ്യാർഥികളോട് വെള്ളിയാഴ്ച ഗൗരവമേറിയ ചില കാര്യങ്ങൾ പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റീസ് ജെ. ചെലമേശ്വറും ജസ്റ്റീസ് കെ.എം. ജോസഫും പറഞ്ഞതിന്റെ അന്തഃസത്ത ഭരണഘടനയുടെ ആത്മാവായ മതേതരത്വം, സോഷ്യലിസം എന്നിവയെ സംരക്ഷിക്കണമെന്നതാണ്.
ന്യായാധിപരും പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളുമൊക്കെ ഇതിങ്ങനെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനായിരിക്കും? മതേതരത്വവും തുല്യതയും അപകടത്തിലായതുകൊണ്ട്. ന്യൂനപക്ഷങ്ങൾക്കു ചുറ്റും പാഞ്ഞടുക്കുന്ന വർഗീയക്കൂട്ടങ്ങളെ സർക്കാർ സംരക്ഷിക്കുന്നതുകൊണ്ട്. ആഴമേറുന്ന സന്പന്ന-ദരിദ്ര വിടവിനെ ഭരണകൂടം നികത്താത്തതുകൊണ്ട്. ന്യായാധിപരും തൂന്പയെ തൂന്പയെന്നുതന്നെ വിളിച്ചു.
എറണാകുളം ഗവൺമെന്റ് ലോ കോളജിന്റെ 150-ാം വാര്ഷികാഘോഷ ഭാഗമായി പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച പ്രഭാഷണ പരന്പരയിലെ വിഷയം ‘മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന മുറവിളിക്ക് ന്യായീകരണമുണ്ടോ’ എന്നായിരുന്നു. ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞതിങ്ങനെ: “സോഷ്യലിസം, മതേതരത്വം എന്നിവ ആകാശത്തുനിന്ന് പൊട്ടിവീണ ആശയങ്ങളല്ല, ഭരണഘടനയിൽ അന്തർലീനമായ ലക്ഷ്യങ്ങളാണ്.
ഇത് ഭരണഘടനയുടെ ആമുഖത്തിലുണ്ടോ ഇല്ലയോ എന്നതല്ല, അവ എന്തിനു മാറ്റുന്നു എന്നതാണ് വിഷയം. സ്വാതന്ത്ര്യസമരകാലത്തെ ചർച്ചയുടെ തുടർച്ചയായിരുന്നു അത്. പുതിയ ചരിത്രം രചിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ വാക്കുകൾ ഒഴിവാക്കാൻ തോന്നുന്നത്. കടലാസിൽ മഷികൊണ്ടെഴുതിയ രേഖയായിട്ടല്ല, ജാലിയൻവാലാബാഗിലെ രക്തസാക്ഷികളുടെ രക്തത്താൽ കുറിച്ച രേഖയായിട്ടാണ് ഭരണഘടനയെ മനസിലാക്കേണ്ടതെന്ന് ഞാൻ വിധിന്യായത്തിൽ എഴുതിയിരുന്നു.
ഒട്ടേറെ മതങ്ങൾ ഉള്ളതിനാലാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക വകുപ്പുകൾതന്നെ ഉൾപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി ഭേദഗതിയിലൂടെ പിന്നീട് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ചേർത്തു എന്നേയുള്ളൂ.” മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെ ഭരണഘടനാ ലക്ഷ്യങ്ങളിൽ വെള്ളം ചേർക്കുകയാണെന്നു മാത്രമല്ല, അധികാരലക്ഷ്യത്തോടെ മതത്തെ രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നുവെന്ന പ്രശ്നം സംജാതമാകുന്നുവെന്നും അധ്യക്ഷപ്രസംഗത്തിൽ ജസ്റ്റീസ് കെ.എം. ജോസഫ് പറഞ്ഞു.
ഒരു കാര്യം ഉറപ്പാണ്, ജനാധിപത്യ-മതേതര-തുല്യതാ സംരക്ഷണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരുന്നെങ്കിൽ കൊച്ചിയിലെ സമ്മേളനത്തിൽ ഈ വിഷയം എടുക്കേണ്ട ആവശ്യമില്ലായിരുന്നു. വ്യാജ വോട്ടർപട്ടികയെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നവരോട് തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന അസഹിഷ്ണുത, ഭരിക്കുന്ന പാർട്ടിയുടേതുപോലെയാണ്. സന്പദ്വ്യവസ്ഥയിൽ നാലാമതെത്തിയ രാജ്യം പട്ടിണി സൂചികയിൽ 127ൽ 105-ാം റാങ്കുമായി വിശന്നുകരയുന്നു. മാധ്യമസ്വാതന്ത്ര്യത്തിൽ 180ൽ 151-ാമത്. അമേരിക്കയുടെ മതസ്വാതന്ത്ര്യ പട്ടികയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
1991ലെ ആരാധനാലയ നിയമം നിലനിൽക്കേ, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കടിയിൽ അപനിർമിതിക്കുള്ള തെളിവന്വേഷിക്കുന്നവർക്ക് കോടതികൾ അനുമതി കൊടുക്കുന്നു. തീവ്രമതരാഷ്ട്രങ്ങളിൽ മാത്രം കാണുന്നവിധത്തിൽ വർഗീയ സംഘങ്ങൾ നാടുവാഴുകയാണ്. ആൾക്കൂട്ട വിചാരണക്കാരായ വർഗീയസംഘടനയ്ക്കെതിരേ ഒരു കേസ് പോലുമില്ല. ന്യൂനപക്ഷപീഡനത്തിനു പാക്കിസ്ഥാനെ കുറ്റം പറഞ്ഞിരുന്നവരുടെ നാവ് പൊങ്ങുന്നില്ല. വർഗീയവാദികൾക്കു മാത്രമല്ല, അതിസന്പന്നർക്കും സർക്കാരിനെ വല്യ ഇഷ്ടമാണ്.
പ്രതിപക്ഷ നേതാവിനോട് നിങ്ങൾ യഥാർഥ ഇന്ത്യക്കാരനാണോയെന്ന് ചോദിക്കുന്ന ശൈലി കോടതിയിൽനിന്നു ജനം പ്രതീക്ഷിക്കുന്നതല്ല. പ്രത്യേകിച്ചും രാജ്യസ്നേഹം ഒരു ധ്രുവീകരണോപാധിയായ കാലത്ത്.ജസ്റ്റീസുമാരായ ചെലമേശ്വറിന്റെയും കെ.എം. ജോസഫിന്റെയും വാക്കുകൾ ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും ദരിദ്രരുമൊക്കെ കേട്ടാൽ ഒരു സുഖമൊക്കെയുണ്ട്. അതു പോരല്ലോ. അതു കേൾക്കേണ്ടത് ന്യായാധിപരും നിയമവിദ്യാർഥികളുംകൂടിയാണ്.
ഭരണഘടനാസംരക്ഷണം പ്രസംഗങ്ങളിൽ ഒതുക്കരുത്. നിങ്ങളറിയണം, എന്തുകൊണ്ടാണ്, എന്നുമുതലാണ് ഈ രാജ്യത്തെ പൗരരിൽ ഒരു പറ്റത്തിന് തുല്യതാബോധം നഷ്ടപ്പെട്ടതെന്ന്; എന്തുകൊണ്ടാണ് വിരലിലെണ്ണാവുന്നത്ര അതിസന്പന്നർ അതിവേഗം മാനംമുട്ടെ വളർന്നതെന്ന്. പിരിച്ചുവിടേണ്ട ആൾക്കൂട്ടങ്ങളും ‘അകത്തു’കിടക്കേണ്ട വിഷഫാക്ടറികളും രാജ്യത്തിന്റെ മാനം കെടുത്തി.
നാളെ നിങ്ങളുടെ തീരുമാനങ്ങളിലൂടെയാണ് ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത്. ഭരണകൂടത്തോടു ചേർന്നുനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതല്ല, ഭരണഘടനയോടു ചേർന്നുനിന്ന് രാഷ്ട്രത്തിന്റെ കാവൽക്കാരാകുന്നതാണ് രാജ്യസ്നേഹം; അത്, അജ്ഞാത കേന്ദ്രങ്ങളിലെ കമ്മട്ടത്തിലടിച്ച കള്ളനാണയങ്ങളല്ല.