ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു.
തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ജന്മനാടായ ലക്നോവിലേക്കു പോകുന്ന ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 22, 23 തീയതികളിൽ വീണ്ടും ഡൽഹിയിലെത്തും.
ഇന്ത്യയിലേക്കുള്ള വിമാനത്തിലിരുന്ന് ശുഭാംശു തന്നെയാണ് മടക്കയാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ എനിക്ക് സങ്കടമുണ്ട്. അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് ജീവിതമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ 15ന് അദ്ദേഹം തിരികെയെത്തി.