കൊച്ചി: കോതമംഗലം കറുകടത്ത് ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസില്‍ ഒന്നാം പ്രതി റമീസിനെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ ഇയാളുടെ മാതാപിതാക്കളായ പാനായിക്കുളം പുതിയ റോഡ് തോപ്പില്‍പറമ്പില്‍ വീട്ടില്‍ റെഹിമോന്(47), ഭാര്യ ഷെറീന (46), റമീസിന്റെ സുഹൃത്ത് വെളിയത്തുനാട് പാറന ജംഗ്ഷന് കറുകാശേരി വീട്ടില്‍ അബ്ദുള്സഹദ് (25) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ റമീസിനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റമീസിന്റെ പേരില്‍ ആത്മഹത്യാപ്രേരണയ്ക്ക് പുറമെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതിനും മൊബൈലിലെ ഡിജിറ്റല്‍ തെളിവ് അടിസ്ഥാനത്തില്‍ ഐടി ആക്ട് പ്രകാരവും ആണ് കേസെടുത്തിട്ടുള്ളത്.
ഒളിവില്‍ കഴിഞ്ഞത് സേലത്ത്
സംഭവ ശേഷം ഒളിവില്‍ പോയ റെഹിമോനെയും ഷെറീനയെയും തമിഴ്നാട് സേലത്തെ ലോഡ്ജില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
ആലുവയില്‍ ഇറച്ചിക്കച്ചവടം നടത്തുന്ന ആളാണ് റെഹിമോന്. ഇറച്ചി കച്ചവടത്തിനായി കന്നുകാലികളെ വാങ്ങാന്‍ പതിവായി ഇയാള്‍ സേലത്താണ് പോയിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുള്ള സ്ഥലങ്ങള്‍ റെഹിമോന് പരിചിതമാണ്. സ്ഥിരമായി തങ്ങുന്ന ലോഡ്ജിലാണ് ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്നത്. കേസില്‍ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്.
സുഹൃത്ത് അബ്ദുള്‍ സമദ് ബിനാനിപുരം സ്റ്റേഷനിലാണ് കീഴടങ്ങിയത്. മൂവരുടേയും പേരില്‍ ആത്മഹത്യാപ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 23കാരിയായ ടിടിസി വിദ്യാര്‍ഥിനിയെ കഴിഞ്ഞ 11 നാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ കണ്ടെത്തിയിരുന്നു.