കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഇകോമേഴ്സ് വെബ്സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍ ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്.
പ്രമുഖ ഇകൊമേഴ്സ് സൈറ്റുകളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സും 23 മുതല്‍ ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
വ്യാജ പരസ്യത്തില്‍ വീഴല്ലേ...
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അടക്കമുള്ളവ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത് തട്ടിപ്പുകാര്‍ മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രമുഖ സൈറ്റുകളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയാണുള്ളത്.
യഥാര്‍ഥ വെബ്സൈറ്റിനെപ്പോലെ തോന്നിക്കുന്ന ഈ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഉത്പന്നങ്ങള്‍ നല്കാതയോ ഗുണമേന്മ ഇല്ലാത്ത സാധനങ്ങള്‍ നല്കി കബളിപ്പിച്ചോ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.
ഇതു ശ്രദ്ധിക്കാം
വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ച് മാത്രം ഓര്‍ഡര്‍ ചെയ്യാനും മുന്‍കൂട്ടി പണം കൈമാറ്റം നടത്താതിരിക്കാനും ശ്രദ്ധിക്കണം. വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിനായി വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം.
വാട്സ്ആപ്പ്, എസ്.എം.എസ്., സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിലോ പരസ്യങ്ങളിലോ ക്ലിക്ക് ചെയ്ത് ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ പ്രവേശിക്കരുത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ പോലീസിനെ അറിയിക്കണം. പണം നഷ്ടപ്പെട്ട വിവരം ഒരു മണിക്കൂറിനകം ഈ നമ്പറില്‍ അറിയിച്ചാല്‍ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
- സ്വന്തം ലേഖിക